ചാമ്പ്യൻസ് ലീഗിൽ മാൽമോയെ 4-0 നു തകർത്തെങ്കിലും ചെൽസിക്ക് ആശങ്കയായി മുന്നേറ്റനിരക്കാരുടെ പരിക്ക്. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ റോമലു ലുക്കാക്കുവും തിമോ വെർണറും പരിക്കേറ്റു പോകേണ്ട കാഴ്ചയാണ് കാണാൻ സാധിച്ചത്. മത്സരത്തിന്റെ 23 മിനിറ്റിൽ ലാസെ നീൽസന്റെ പിന്നിൽ നിന്നുള്ള ടാക്കിൾ ആണ് ലുക്കാക്കുവിനു പരിക്ക് പറ്റാൻ കാരണം. ഈ ഫൗളിന് ചെൽസിക്ക് പെനാൽട്ടി ലഭിച്ചെങ്കിലും വേദന കൊണ്ട് പുളഞ്ഞ ലുക്കാക്കു വൈദ്യസഹായം ലഭിച്ച ശേഷം കളം വിടുക ആയിരുന്നു.
തുടർന്ന് 43 മിനിറ്റിൽ പന്തിനായി ഓടുക ആയിരുന്ന തിമോ വെർണർ ഹാംസ്ട്രിങ് പരിക്കിനെ തുടർന്ന് വൈദ്യസഹായം തേടുന്നത് ആണ് കാണാൻ ആയത്. പരിക്ക് മൂലം ജർമ്മൻ താരവും പിന്നീട് കളം വിട്ടു. മുന്നേറ്റനിരക്കാരുടെ അഭാവത്തിലും നാലു ഗോളുകൾ ചെൽസി നേടിയെങ്കിലും താരങ്ങളുടെ പരിക്ക് യൂറോപ്യൻ ജേതാക്കൾക്ക് ആശങ്ക പകരുന്നുണ്ട്. ഇരുവരുടെയും പരിക്ക് ഗുരുതരമുള്ളത് ആണോ വിശ്രമം ആവശ്യമാണോ എന്നതൊക്കെ വരും ദിനങ്ങളിൽ ആവും അറിയാൻ ആവുക.