തന്റെ നൂറാം ചാമ്പ്യൻസ് ലീഗ് മത്സരം ഹാട്രിക്കുമായി ആഘോഷിച്ചു റോബർട്ട് ലെവൻഡോസ്കി. പോളണ്ട് താരത്തിന്റെ ഹാട്രിക് മികവിൽ ബയേൺ മ്യൂണിച് രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് ആണ് ബെൻഫികയെ തകർത്തത്. ഇതോടെ ഗ്രൂപ്പ് ഇയിൽ തുടർച്ചയായ നാലാം ജയവുമായി ബയേൺ അടുത്ത റൗണ്ടിലേക്കും മുന്നേറി. അലിയാൻസ് അറീനയിൽ 65 ശതമാനം പന്ത് കൈവശം വച്ച ബയേൺ 24 ഷോട്ടുകൾ ആണ് മത്സരത്തിൽ ഉതിർത്തത്. 26 മത്തെ മിനിറ്റിൽ കിങ്സ്‌ലി കോമാൻ നൽകിയ പാസിൽ നിന്നു ബെൻഫിക പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത ലെവൻഡോസ്കി മത്സരത്തിലെ ആദ്യ ഗോൾ കണ്ടത്തി. 32 മത്തെ മിനിറ്റിൽ ഇത്തവണ ഗോളിനുള്ള അവസരം ലെവൻഡോസ്കി ഒരുക്കിയപ്പോൾ സെർജ് ഗാനാബ്രി ബയേണിന്റെ രണ്ടാം ഗോൾ നേടി. 38 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ മൊറാറ്റ ബെൻഫികക്ക് ആയി ഒരു ഗോൾ തിരിച്ചടിച്ചു. ആദ്യ പകുതിക്ക് തൊട്ടു മുമ്പ് വാർ ഹാന്റ് ബോളിന് ബയേണിന് അനുവദിച്ച പെനാൽട്ടി എടുത്ത ലെവൻഡോസ്കി പക്ഷെ ലക്ഷ്യം കാണാൻ ആയില്ല. ബെൻഫിക ഗോൾ കീപ്പർ ഈ പെനാൽട്ടി രക്ഷിച്ചു.
എന്നാൽ രണ്ടാം പകുതി തുടങ്ങി നാലു മിനിറ്റിനുള്ളിൽ സാനെയിലൂടെ ബയേൺ മൂന്നാം ഗോളും കണ്ടത്തി. അൽഫോൺസോ ഡേവിസ് ഹെഡറിലൂടെ നേടിയ പാസിൽ നിന്നായിരുന്നു സാനെയുടെ ഗോൾ. 61 മത്തെ മിനിറ്റിൽ പ്രത്യാക്രമണത്തിൽ സാനെ നൽകിയ പന്തിൽ നിന്നു മികച്ച ഒരു ചിപ്പിലൂടെ ബയേണിന്റെ നാലാം ഗോൾ നേടിയ ലെവൻഡോസ്കി അവരുടെ ജയം ഉറപ്പിച്ചു. 74 മത്തെ മിനിറ്റിൽ ബെൻഫിക പ്രത്യാക്രമണത്തിൽ ജോ മരിയോ നൽകിയ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ഡാർവിൻ നുനസ് പോർച്ചുഗീസ് ക്ലബിന് പ്രതീക്ഷ നൽകി. എന്നാൽ 84 മത്തെ മിനിറ്റിൽ ഗോൾ കീപ്പർ മാനുവൽ ന്യൂയർ നീട്ടി നൽകിയ പന്തിൽ നിന്നു തന്റെ ഹാട്രിക് തികച്ച ലെവൻഡോസ്കി ബയേണിന് വമ്പൻ ജയം സമ്മാനിച്ചു. ചാമ്പ്യൻസ് ലീഗിൽ നൂറു മത്സരങ്ങളിൽ നിന്നു 81 ഗോളുകൾ എന്ന അവിശ്വസനീയമായ റെക്കോർഡ് ആണ് നിലവിൽ ലെവൻഡോസ്കിക്ക് ഉള്ളത്. സീസണിൽ പോളണ്ട് സൂപ്പർ സ്റ്റാർ നേടുന്ന രണ്ടാം ഹാട്രിക് ആയിരുന്നു ഇത്. നിലവിൽ ഈ സീസണിൽ തന്നെ 20 തിൽ അധികം ഗോൾ നേടിയ ലെവൻഡോസ്കി തന്നെയാണ് നിലവിലെ ചാമ്പ്യൻസ് ലീഗ് ടോപ് സ്‌കോറർ.