ചാമ്പ്യൻസ് ലീഗിൽ നിന്നു പുറത്തായി ജർമ്മൻ വമ്പന്മാർ ആയ ബൊറൂസിയ ഡോർട്ട്മുണ്ട്. പോർച്ചുഗീസ് ടീമായ സ്പോർട്ടിങ് ലിസ്ബണോടു ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽവി വഴങ്ങിയതോടെ ഗ്രൂപ്പ് സിയിൽ അയാക്സിന് പിറകിൽ രണ്ടാമത് ആവുക എന്ന ഡോർട്ട്മുണ്ട് പ്രതീക്ഷകൾ അവസാനിച്ചു. ഇതോടെ ഗ്രൂപ്പിൽ മൂന്നാമതായ അവർ യൂറോപ്പ ലീഗിലേക്ക് പോവും. ലിസ്ബൺ അവസാന പതിനാറിലും ഇടം പിടിക്കും. പന്ത് കൈവശം വക്കുന്നതിൽ ജർമ്മൻ ക്ലബ് ആണ് മുന്നിട്ട് നിന്നത് എങ്കിലും അവസരങ്ങൾ കൂടുതൽ തുറന്നത് ഡോർട്ട്മുണ്ട് ആയിരുന്നു. ആദ്യ പകുതിയിൽ 30 മത്തെ മിനിറ്റിൽ 23 കാരനായ പോർച്ചുഗീസ് താരം പെഡ്രോ ഗോൺസാൽവസ് ആണ് ലിസ്ബണിനു ആദ്യ ഗോൾ സമ്മാനിക്കുന്നത്.
തുടർന്ന് പാബ്ലോ സറാബിയയുടെ പാസിൽ നിന്നു പെഡ്രോ പോർച്ചുഗീസ് ടീമിന്റെ രണ്ടാം ഗോളും സമ്മാനിക്കുന്നു. തുടർന്ന് രണ്ടാം പകുതിയിൽ പെഡ്രോയുമായി പരുതി വിട്ട് പെരുമാറിയ പകരക്കാരൻ ആയി ഇറങ്ങിയ എമറെ ചാൻ ചുവപ്പ് കാർഡ് കൂടി കണ്ടതോടെ ഡോർട്ട്മുണ്ട് ആകെ തകർന്നു. തുടർന്ന് പൗളീന്യോയെ വീഴ്ത്തിയതിന് ലിസ്ബണിനു വാർ അനുവദിച്ച പെനാൽട്ടി കൂടി ലഭിച്ചു. എന്നാൽ ഹാട്രിക് നേടാനായി പെനാൽട്ടി എടുത്ത പെഡ്രോ ഗോൺസാൽവസിന്റെ പെനാൽട്ടി ഡോർട്ട്മുണ്ട് ഗോൾ കീപ്പർ രക്ഷിച്ചു. എന്നാൽ റീബൗണ്ട് ഹെഡറിലൂടെ ഗോളാക്കി മാറ്റിയ പെഡ്രോ പൊരോ ലിസ്ബണിനു മൂന്നാം ഗോളും സമ്മാനിക്കുക ആയിരുന്നു. 94 മത്തെ മിനിറ്റിൽ റൂയിസിന്റെ പാസിൽ നിന്നു ലക്ഷ്യം കണ്ട മാലൻ ഡോർട്ട്മുണ്ടിനു ആയി ആശ്വാസഗോൾ കണ്ടത്തി എങ്കിലും അനിവാര്യമായ പരാജയം ഒഴിവാക്കാൻ ആയില്ല.