ചാമ്പ്യൻസ് ലീഗിൽ വമ്പൻ ജയവുമായി ബയേൺ മ്യൂണിക്ക്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബയേൺ മ്യൂണിക്ക് ബെൻഫികയെ പരാജയപ്പെടുത്തിയത്. ബയേൺ മ്യൂണിക്കിന് വേണ്ടി ലെറോയ് സാനെ ഇരട്ട ഗോളുകൾ നേടിയപ്പോൾ മറ്റൊരു ഗോൾ റോബർട്ട് ലെവൻഡോസ്കിയും നേടി. സെർജ് ഗ്നബ്രിയുടെ ക്രോസ് സ്വന്തം വലയിലേക്ക് അടിച്ച് എവർടണിന്റെ സെൽഫ് ഗോളും ബയേണിന് തുണയായി. രണ്ടു ഗോളും ഒരു അസിസ്റ്റുമായി കളം നിറഞ്ഞ് കളിച്ചത് ലെറോയ് സാനെയായിരുന്നു.
യുവേഫ ചാമ്പ്യൻസ് ലീഗിൽ സമീപകാലത്ത് ബയേൺ മ്യൂണിക്കിനെതിരെ ഒരു ടീം നടത്തിയ പ്രകടനമായിരുന്നു ആദ്യ പകുതിയിൽ ബെൻഫിക പുറത്തെടുത്തത്. നന്നായി പ്രതിരോധിച്ചും മികച്ച അക്രമണം പുറത്തെടുത്തും ബയേണിനെ കുരുക്കാൻ ബെൻഫികക്കായി. ആദ്യ പകുതിയിൽ ലെവൻഡോസ്കി ബെൻഫികയുടെ വലകുലുക്കിയെങ്കിലും വാറിന്റെ ഇടപെടൽ ഗോൾ ഹാന്റ് ബോളാണെന്ന് കണ്ട് അനുവധിക്കപ്പെട്ടില്ല. ആദ്യ പകുതി ഗോൾ രഹിതമായെങ്കിലും രണ്ടാം പകുതിയിൽ ബെൻഫികക്ക് പിഴച്ചു. 14മിനുട്ടിനിടയിലാണ് കളിയിലെ നാല് ഗോളുകളും പിറന്നത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പവാർദിന്റെ തകർപ്പൻ ഷോട്ട് പോസ്റ്റിൽ തട്ടി പുറത്ത് പോയി. വൈകാതെ കിംഗ്സ്ലി കോമൻ ബെൻഫികയുടെ വലകുലുക്കിയെങ്കിലും വീണ്ടും VAR ഇടപെട്ടു. തോമസ് മുള്ളർ ഓഫ് സൈടായതിനാൽ ഗോൾ അനുവധിക്കപ്പെട്ടില്ല. മാസ്മരികമായ ഫ്രീ കിക്കിലൂടെ ബയേണിനായി ആദ്യം വലകുലുക്കിയത് ലെറോയ് സാനെയാണ്. വൈകാതെ ബെൻഫികയുടെ ഓൺ ഗോളും പിറന്നു. പിന്നീട് പോളിഷ് സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോസ്കിയുടെ ഊഴമായിരുന്നു. ഗോളിന് വഴിയൊരുക്കിയത് സാനെയും. സ്റ്റാനിസിചിന്റെ അസിസ്റ്റിൽ സാനെ നാലാം ഗോളടിച്ച് തുടർച്ചയായ മൂന്നാം ചാമ്പ്യൻസ് ലീഗ് ജയം ബയേണിന് സമ്മാനിച്ചു.