സ്പെയിനിലേക്കുള്ള തിരിച്ച് വരവിൽ ക്യാമ്പ് നൗ കത്തിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും. ചാമ്പ്യൻസ് ലീഗിൽ വമ്പൻ ജയവുമായി ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ്. കരുത്തരായ ബാഴ്സലോണയെ കീഴടക്കിയാണ് യുവന്റസ് ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരം ആഘോഷമാക്കിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബാഴ്സലോണയെ യുവന്റസ് പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകളുമായി ക്യാമ്പ് നൗവിലേക്കുള്ള തിരിച്ച് വരവ് ആഘോഷമാക്കിയപ്പോൾ അമേരിക്കൻ യുവതാരം വെസ്റ്റൺ മക്കെന്നിയാണ് മറ്റൊരു ഗോൾ നേടിയത്.
വാറിന്റെ ഇടപെടൽ കളിയുടെ ഗതി പലപ്പോളും മാറ്റി. ഗ്രീസ്മാന്റെയും ബുണൂചിയുടേയും ഗോളുകൾ വാറിന്റെ ഇടപെടൽ കാരണം അനുവധിക്കപ്പെട്ടുമില്ല. കളിയുടെ ആദ്യ ഇരുപത് മിനുട്ടിൽ തന്നെ രണ്ട് ഗോളുകൾ അടിച്ച് ചുക്കാൻ പിടിച്ചിരുന്നു യുവന്റസ്. ആദ്യം 13ആം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനാൽറ്റി ഗോളിൽ യുവന്റസ് ലീഡ് നേടി. ഏറെ വൈകാതെ മക്കെന്നിയിലൂടെ യുവന്റസ് ലീഡ് ഉയർത്തി.
ക്വാഡ്രാഡോയാണ് ഗോളിന് വഴിയൊരുക്കിയത്. ക്രിസ്റ്റ്യാനൊ റോണാൾഡോയുടെ പിറകേ ബാഴ്സ പ്രതിരോധ താരങ്ങൾ പോയപ്പോൾ മക്ക്കെന്നിയുടെ വോളി ബാഴ്സയുടെ വലയിൽ കടന്നു. ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ഒരു ഹോം മാച്ചിൽ ആദ്യമായിട്ടാണ് 20മിനുട്ടിൽ രണ്ട് ഗോളുകൾ ബാഴ്സലോണ വഴങ്ങുന്നത്. വൈകാതെ തന്നെ ലയണൽ മെസ്സി യുവന്റസ് പ്രതിരോധത്തിലേക്ക് പന്തുമായി കുതിച്ചെങ്കിലും ബുഫൺ യുവന്റസിന്റെ രക്ഷകനായി.
മെസ്സിക്ക് നേരെയുള്ള മക്ക്കെന്നിയുടെ ചാലഞ്ച് റഫറി പരിഗണിച്ചതുമില്ല. പിന്നീട് പന്തുമായി മെസ്സി യുവന്റസ് പ്രതിരോധത്തെ പരീക്ഷിച്ചെങ്കിലും ബുഫൺ യുവന്റസിന്റെ വൻമതിലായി. പിന്നീട് രണ്ടാമത്തെ ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി ബാഴ്സയുടെ പരാജയത്തിന്റെ അവസാനത്തെ ആണിയായി മാറി. ക്യാമ്പ് നൗവിൽ മൂന്ന് ഗോളുകൾ അടിക്കുന്ന ആദ്യ ഇറ്റാലിയൻ ടീമായി മാറുകയും ചെയ്തു യുവന്റസ്.