യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഈ സീസണിൽ ബാഴ്സലോണക്ക് ആദ്യമായി ഒരു വിജയം. ഇന്ന് ക്യാമ്പ്നുവിൽ നടന്ന മത്സരത്തിൽ ഡൈനമോ കീവിനെ ആണ് ബാഴ്സലോണ തോൽപ്പിച്ചത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ബാഴ്സലോണയുടെ വിജയം. ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിലും ബാഴ്സലോണ പരാജയപ്പെട്ടിരുന്നു. ഇന്ന് ബാഴ്സലോണ നന്നായി കളിച്ചു എങ്കിലും കൂടുതൽ ഗോളുകൾ നേടാൻ കഴിയാത്തത് കോമന്റെ ടീമിന് നിരാശ നൽകും.
മത്സരത്തിന്റെ 36ആം മിനുട്ട് ജെറാദ് പികെ ആണ് ബാഴ്സക്ക് ലീഡ് നൽകിയത്. ഇടതു വിങ്ങിൽ നിന്ന് ജോർദി ആൽബ നൽകിയ ക്രോസ് ഫാർ പോസ്റ്റിൽ കാത്തിരുന്ന പികെ മികച്ച ഫിനിഷോടെ വലയിൽ എത്തിക്കുക ആയിരുന്നു. ബാഴ്സലോണ ഈ സീസൺ ചാമ്പ്യൻസ് ലീഗിൽ നേടിയ ആദ്യ ഗോളായിരുന്നു ഇത്.
ആദ്യ പകുതിയിൽ തന്നെ ഡിയോങ്ങിന്റെ ഒരു മികച്ച ഷോട്ട് കീവ് ഗോൾ കീപ്പർ ബുഷാൻ തട്ടിയകറ്റുന്നത് കാണാൻ ആയി. രണ്ടാം പകുതിയിൽ അൻസു ഫതിയും കൗട്ടീനോയും വന്നത് ബാഴ്സലോണ അറ്റാക്ക് ശക്തമാക്കി. അൻസു ഫതി ജഗിൾ ചെയ്ത ശേഷം ശ്രമിച്ച ഒരു ബൈസൈക്കിൾ കിക്ക് ഗോൾ ആകാതെ പുറത്ത് പോയി. അവസാന 20 മിനുട്ടുകളിൽ അഗ്വേറോയെയും ബാഴ്സലോണ കളത്തിൽ ഇറക്കി. എങ്കിലും 1-0ന്റെ വിജയം കൊണ്ട് ബാഴ്സലോണ തൃപ്തിപ്പെടേണ്ടി വന്നു. 3 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 3 പോയിന്റുമായി ബാഴ്സലോണ ഗ്രൂപ്പ് ഇയിൽ മൂന്നാം സ്ഥാനത്താണ് ഉള്ളത്.