ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ബിയിൽ തങ്ങളുടെ ആദ്യ ജയം കണ്ടത്തി എ.സി മിലാൻ. ലിവർപൂൾ ആധിപത്യം കണ്ട ഗ്രൂപ്പിൽ മറ്റു മൂന്നു ടീമുകളിൽ ഏതെങ്കിലും ഒരു ടീമിൽ ആർക്കു വേണമെങ്കിലും ഇതോടെ അവസാന പതിനാറിൽ കടക്കാം എന്ന അവസ്ഥയാണ്. മാഡ്രിഡിൽ അവസാന പതിനാറിൽ സ്ഥാനം ഉറപ്പിക്കാൻ ഇറങ്ങിയ അത്ലറ്റികോ മാഡ്രിഡിന് മേൽ ആധിപത്യം പുലർത്തുന്ന മിലാനെയാണ് മത്സരത്തിൽ കാണാൻ ആയത്. ഇത് വരെ ഗ്രൂപ്പിൽ ജയിക്കാൻ ആയില്ലെങ്കിലും മികച്ച പ്രകടനം പുറത്ത് എടുത്ത മിലാൻ ഇന്നും അത് ആവർത്തിച്ചു.
അത്ലറ്റികോ മാഡ്രിഡിനെക്കാൾ അവസരങ്ങൾ തുറന്നതും മിലാൻ ആയിരുന്നു. ഗോൾ രഹിതമാവും എന്നു കരുതിയ മത്സരത്തിൽ 87 മത്തെ മിനിറ്റിൽ ആണ് മിലാന്റെ വിജയഗോൾ പിറന്നത്. ഫ്രാൻക് കെസിയുടെ ക്രോസിൽ നിന്നു ജൂനിയർ മെസിയാസ് അതുഗ്രൻ ഹെഡറിലൂടെ മിലാനു വർഷങ്ങൾക്ക് ശേഷം ഒരു ചാമ്പ്യൻസ് ലീഗ് ജയം സമ്മാനിക്കുക ആയിരുന്നു. മൂന്നു വർഷം മുമ്പ് ഇറ്റാലിയൻ നാലാം ഡിവിഷനിൽ കളിച്ചിരുന്ന 30 കാരനായ താരത്തിന്റെ സ്വപ്ന നിമിഷം ആയി മാറി ഈ ഗോൾ. തന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ തന്നെ പകരക്കാരൻ ആയി ഇറങ്ങി വിജയഗോൾ നേടാൻ ആയത് താരത്തിന് സ്വപ്‌ന നേട്ടം തന്നെയായി. ജയത്തോടെ മിലാൻ ഗ്രൂപ്പിൽ നാലു പോയിന്റുകളും ആയി മൂന്നാമത് എത്തി. അഞ്ചു പോയിന്റുകളും ആയി പോർട്ടോ രണ്ടാമതുള്ള ഗ്രൂപ്പിൽ അത്ലറ്റികോ മാഡ്രിഡിനും നാലു പോയിന്റുകൾ ഉണ്ട്.