ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന് ആതിഥേയത്വം വഹിക്കാൻ യു.എ.ഇ തയ്യാറാവുന്നതായി ദുബായ് സ്പോർട്സ് സിറ്റി ചെയർമാൻ സൽമാൻ ഹനീഫ്. ഇതുവരെ ഇന്ത്യൻ പ്രീമിയർ ലീഗ് നടത്താൻ ബി.സി.സി.ഐ സമീപിച്ചട്ടിലെങ്കിലും ദുബായ് ഇന്ത്യൻ പ്രീമിയർ ലീഗിന് ആതിഥേയത്വം വഹിക്കാൻ തയ്യാറെടുക്കുകയാണെന്ന് ദുബായ് സ്പോർട്സ് സിറ്റി മേധാവി പറഞ്ഞു.
ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ 9 വിക്കറ്റുകൾ ഉണ്ടെന്നും ചെറിയ സമയത്തിനുള്ളിൽ വലിയൊരു ടൂർണമെന്റ് നടത്താനുള്ള സൗകര്യം ഇവിടെ ഉണ്ടെന്നും സൽമാൻ ഹനീഫ് പറഞ്ഞു. മുൻപ് ദുബായ് ഇതുപോലെയുള്ള വലിയ ടൂർണമെന്റുകൾ നടത്തിയിട്ടുണ്ടെന്നും ഐ.സി.സി കോംപ്ലെക്സിൽ മാത്രം 38 പിച്ചുകൾ ഉണ്ടെന്നും സൽമാൻ ഹനീഫ് പറഞ്ഞു.
കൊറോണ വൈറസ് ബാധയെ തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് ഇന്ത്യക്ക് പുറത്ത് നടത്താനുള്ള സാധ്യത തെളിഞ്ഞിരുന്നു. ശ്രീലങ്ക, യു.എ.ഇ എന്നിവിടങ്ങളിൽ വെച്ച് ടൂർണമെന്റ് നടക്കാനുള്ള സാധ്യത ബി.സി.സി.ഐ തേടിയിരുന്നു. നിലവിൽ ഇന്ത്യയിൽ കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ വെച്ച് ഐ.പി.എൽ നടക്കാനുള്ള സാധ്യത കുറഞ്ഞിരുന്നു. ഈ വർഷം ഓസ്ട്രേലിയയിൽ വെച്ച് നടക്കുന്ന ടി20 ലോകകപ്പ് മാറ്റിവെക്കുകയാണെങ്കിൽ ഈ സമയത്ത് ഇന്ത്യൻ പ്രീമിയർ ലീഗ് നടത്താനുള്ള ശ്രമം ആണ് ബി.സി.സി.ഐ നടത്തുന്നത്.