ഐപിഎല്‍ നടത്തുവാന്‍ തയ്യാറെന്ന് പറഞ്ഞു യുഎഇ, തീരുമാനം എടുക്കാതെ ബിസിസിഐ

Sports Correspondent

ലഭിയ്ക്കുന്ന വിവരം ശരിയാണെങ്കില്‍ ഐപിഎല്‍ 2020 നടത്തുവാന്‍ തയ്യാറാണെന്ന് പറഞ്ഞ് ബിസിസിഐയെ യുഎഇ സമീപിച്ചുവെന്നാണ് അറിയുന്നത്. ഐപിഎലിന്റെ പതിമൂന്നാം പതിപ്പ് അനിശ്ചിത കാലത്തേക്ക് കൊറോണ മൂലം ബിസിസിഐ നിര്‍ത്തി വെച്ചിരിക്കുന്ന സാഹചര്യത്തില്‍ നേരത്തെ ശ്രീലങ്ക തങ്ങള്‍ ഇതിന് തയ്യാറാണെന്ന് പറഞ്ഞ് മുന്നോട്ട് വന്നിരുന്നു. ഇപ്പോള്‍ യുഎഇ ആണ് ഈ നിര്‍ദ്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.

2014ല്‍ ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പ് തീയ്യതികള്‍ മൂലം 20 മത്സരങ്ങള്‍ യുഎഇയില്‍ നടത്തിയിരുന്നു. എന്നാല്‍ ബിസിസിഐ ട്രഷറര്‍ അരുണ്‍ ധമാല്‍ പറയുന്നത് നിലവിലെ സാഹചര്യത്തില്‍ അന്താരാഷ്ട്ര യാത്രകള്‍ നടക്കാത്ത സാഹചര്യത്തില്‍ ഇതുമായി മുന്നോട്ട് പോകുക പ്രയാസകരമാണെന്നാണ്. ഇപ്പോള്‍ ബിസിസിഐ തങ്ങളുടെ ഭാരവാഹികളോട് ഇന്ത്യയില്‍ തന്നെ ജൈവ-സുരക്ഷിതമായ സ്റ്റേഡിയങ്ങള്‍ കണ്ടെത്തുവാനുള്ള ദൗത്യം ഏല്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.