ഇന്ത്യയുടെ അർജന്റീനക്കെതിരായ ചരിത്ര വിജയം ഇന്ത്യൻ ഫുട്ബോളിൽ രാജ്യത്തിന് ഉള്ള വിശ്വാസത്തിന്റെ ഫലമാണെന്ന് ഇന്ത്യൻ അണ്ടർ 20 പരിശീലകൻ ഫ്ലോയിഡ് പിന്റോ. ഇന്ന് പുലർച്ചെ സ്പെയിനിൽ കോടിഫ് ടൂർണമെന്റിൽ ആണ് ഇന്ത്യ അർജന്റീനൻ യുവനിരയെ അട്ടിമറിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഇന്ത്യൻ ജയം. അതും രണ്ടാം പകുതിയുടെ ഭൂരിഭാഗ സമയവും 10 പേരുമായി കളിച്ചായിരുന്നു ഇന്ത്യൻ ജയം.
ഈ മാസം മാത്രം ഇന്ത്യൻ പരിശീലകനായി ചുമതലയെടുത്ത ഫ്ലോയിഡ് പിന്റോ ജയത്തിന്റെ വലിയ ക്രെഡിറ്റ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ നൽകി. ഇന്ത്യൻ ഫുട്ബോളിന്റെ യുവനിരയ്ക്കായി എ ഐ എഫ് എഫ് ചെയ്ത കാര്യങ്ങളും ഈ യുവനിരയിൽ ഉണ്ടായിരുന്ന വിശ്വാസവുമാണ് ഈ ജയത്തിൽ എത്തിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം വരെ ഇന്ത്യൻ ആരോസിന്റെ പരിശീലകനായ ഡി മാറ്റോസ് ആയിരുന്നു ഇന്ത്യൻ യൂത്ത് ടീമിന്റെ പരിശീലകൻ. എന്നാൽ ഡി മാറ്റോസിന്റെ അപ്രതീക്ഷിത വിടവാങ്ങൽ ഫ്ലോയിഡ് പിന്റോയെ ആ ചുമതലയിൽ എത്തിച്ചു. ആദ്യ ടൂർണമെന്റിൽ തന്നെ മികച്ച പ്രകടനം നടത്തിയ ഫ്ലോയിഡ് പിന്റോ ഇന്ത്യൻ ഫുട്ബോളിന് തന്നെ പ്രതീക്ഷ നൽകുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial