ചാമ്പ്യൻസ് ലീഗിലെ റെക്കോർഡുകൾ തകർത്ത് എറിയുകയാണ് ഡോർട്മുണ്ടിന്റെ യുവ സ്ട്രൈക്കർ ഹാളണ്ടിന്റെ ഇപ്പോഴത്തെ പ്രധാന വിനോദം. ഇന്ന് ചാമ്പ്യൻസ് ലീഗിൽ രണ്ടാം പാദ പ്രീക്വാർട്ടറിലും സെവിയ്യയെ മറികടക്കാൻ ഹാളണ്ടിന്റെ ബലത്തിൽ ഡോർട്മുണ്ടുനായി. ഇന്ന് ഹോം മത്സരത്തിൽ രണ്ടു ഗോളുകൾ അടിച്ചാണ് രണ്ടു ടീമുകളും പിരിഞ്ഞത്. ആദ്യ പാദം 3-2ന് വിജയിച്ചിരുന്ന ഡോർട്മുണ്ട് ഇന്നത്തെ ജയത്തോടെ 5-4ന്റെ അഗ്രിഗേറ്റ് സ്കോറിൽ ക്വാർട്ടറിലേക്ക് കടന്നു.
ഇന്ന് ആദ്യ പകുതിയിൽ റിയുസിന്റെ പാസിൽ നിന്ന് ഒരു ടാപിന്നിലൂടെ ആയിരുന്നു ഹാളണ്ടിന്റെ ആദ്യ ഗോൾ. രണ്ടാം പകുതിയിൽ ഒരു പെനാൾട്ടിയിലൂടെ ഹാളണ്ട് രണ്ടാം ഗോളും നേടി. ആദ്യം ഹാളണ്ട് എടുത്ത പെനാൾട്ടി ലക്ഷ്യത്തിൽ എത്തിയിരുന്നില്ല എന്നാൽ ഗോൾകീപ്പർ ലൈൻ വിട്ടു വന്നതിനാൽ വീണ്ടും കിക്ക് എടുക്കുകയും ഹാളണ്ട് സ്കോർ ചെയ്യുകയുമായുരുന്നു. ഈ ഗോളോടെ ഹാളണ്ടിന് ചാമ്പ്യൻസ് ലീഗിൽ 20 ഗോളുകളായി. ഏറ്റവും വേഗത്തിൽ ചാമ്പ്യൻസ് ലീഗിൽ 20 ഗോളുകൾ തികയ്ക്കുന്ന താരമായി ഹാളണ്ട് ഇതോടെ മാറി. 14 മത്സരങ്ങൾ മാത്രമെ 20 ഗോളിൽ എത്താൻ ഹാളണ്ടിന് വേണ്ടി വന്നുള്ളൂ. ഇംഗ്ലീഷ് താരം കെയ്നിന്റെ 24 മത്സരങ്ങളിൽ 20 ഗോളു എന്ന റെക്കോർഡാണ് ഹാളണ്ട് മറികടന്നത്.
ഹാളണ്ടിന്റെ ഗോളുകൾക്ക് മറുപടിയായി ഒരു പെനാൾറ്റിയിൽ നിന്ന് എൻ നസീരിയിലൂടെ ഒരു ഗോൾ മടക്കാൻ സെവിയ്യക്ക് ആയി. 90ആം മിനുട്ടിൽ നസീരി ഒരു ഗോൾ കൂടെ അടിച്ചു. എങ്കിലും സെവിയ്യ പുറത്തേക്ക് തന്നെ പോയി.