30 വർഷങ്ങൾക്ക് ശേഷം, തിരുവനന്തപുരത്ത് വീണ്ടുമൊരു ഏകദിനം

febinthomas

Download the Fanport app now!
Appstore Badge
Google Play Badge 1

തിരുവനന്തപുരത്ത് നവംബർ ഒന്നിന് നടക്കുന്ന ഏകദിന മത്സരം കേര ളതലസ്ഥാനത്ത് നടക്കുന്ന ആദ്യ ഏകദിനം അല്ല. ഇതിന് മുന്നേ നടന്ന ഏകദിനം 30 വർഷങ്ങൾക്ക് മുന്നേ ആയിരുന്നെന്ന് മാത്രം. കാര്യവട്ടത്ത് ഇപ്പോഴുള്ള ഗ്രൗണ്ടിന് 12  കിലോമീറ്റര്‍ അപ്പുറത്തുള്ള യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ആയിരുന്നു അന്ന് ജനുവരി 25ന് മത്സരം.

തികച്ചും യാദൃശ്ചികം എന്ന് പറയാം, അന്നത്തെ എതിരാളികളും വെസ്റ്റിൻഡീസ് ആയിരുന്നു. പക്ഷെ ഇപ്പോഴുള്ള പോലെ ആയിരുന്നില്ല. ലോക ക്രിക്കറ്റിനെ വിറപ്പിച്ച ചില ‘കിടിലങ്ങൾ’ അന്ന് ടീമിൽ ഉണ്ടായിരുന്നു. വിവ് റിച്ചാർഡ്സും, ഗോർഡൺ ഗ്രീനിഡ്ജും, ഫിൽ സിമ്മൺസും, കാൾ ഹൂപ്പറും ഒക്കെ അടങ്ങിയ വെസ്റ്റിൻഡീസ് നിര. അന്ന് ദയനീയമായ തോൽവിയാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്. സെഞ്ച്വറി അടിച്ച് കൃഷ്ണമാചാരി ശ്രീകാന്തും കൂടെ മൊഹീന്ദർ അമർനാഥും, അസറുദ്ധീനും മാത്രം ബാറ്റിങ്ങിൽ തിളങ്ങിയപ്പോൾ, മഴ കാരണം 45 ഓവറായി ചുരുക്കിയ മത്സരത്തിൽ അന്നത്തെ കാലത്ത് ഭേദം എന്ന് പറയാവുന്ന സ്കോർ ഇന്ത്യ നേടി, 239 റൺസ്. വെസ്റ്റിൻഡീസ് 9 വിക്കറ്റിന് കളി ജയിച്ചു. ഫിൽ സിമ്മൺസ് സെഞ്ചുറിയും, ഗോർഡൺ ഗ്രീനിഡ്ജ് നൂറിന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 84 റൺസും നേടി.

1988ലെ ഏഴ് മത്സരമുള്ള പരമ്പരയ്ക്ക് തിരുവനന്തപുരത്തെ അവസാന മത്സരത്തിന് വെസ്റ്റിൻഡീസ് വരുമ്പോൾ തന്നെ 5-1 എന്ന നിലയിൽ സന്ദർശകർ ജയിച്ചിരുന്നു. അപ്രസക്തമായ മത്സരം. പക്ഷെ ഇപ്പോൾ നടക്കാൻ പോകുന്ന ഏകദിനം അങ്ങനെയല്ല. ഇന്ത്യയ്ക്ക് പരമ്പര നേടാനും വെസ്റ്റിൻഡീസിന് പരമ്പര തോൽക്കാതെ ഇരിക്കാനുമുള്ള അവസരം ഉണ്ട്. അതുകൊണ്ട് തന്നെ രണ്ടു ടീമും പ്രധാന കളിക്കാർക്ക് വിശ്രമം കൊടുക്കുമെന്ന് തോന്നുന്നില്ല. വെസ്റ്റിൻഡീസ് ബാറ്റിംഗ് ഒരുവിധം ശക്തി കാണിച്ചെങ്കിലും ബൗളിങ്ങിലെ പോരായ്മകൾ പരിഹരിക്കാൻ മാറ്റങ്ങൾ വരുത്തിയേക്കും.

കളിയാരവം അതിൻ്റെ മൂർദ്ധന്യതയിലേക്ക് എത്തുകയാണ്. സ്പോർട്സ് ഹബ്ബിൽ കഴിഞ്ഞ കൊല്ലം നടന്ന ഇന്ത്യ ന്യൂസിലൻഡ് മത്സരം ടിക്കറ്റുകൾ നേരത്തെ വിറ്റഴിഞ്ഞിരുന്നു. പക്ഷെ അന്ന് മഴ പെയ്ത് T20 മത്സരം 8 ഓവർ വീതമുള്ള കളിയായി മാറിയത് വലിയ ക്ഷീണം ഉളവാക്കിയിരുന്നു. മണിക്കൂറുകളുടെ കാത്തിരിപ്പ് തന്നെ കാരണം. നവംബർ ഒന്നിനും മഴയ്ക്കുള്ള സാധ്യത ഉള്ളത് കൊണ്ടാവാം ടിക്കറ്റുകൾ 80% വിൽപ്പന കഴിഞ്ഞിട്ടേ ഉള്ളൂ. പക്ഷെ ഇന്ത്യൻ ടീം എയർപോർട്ടിൽ എത്തിയപ്പോൾ ഉണ്ടായ സ്വീകരണം ഒരു സൂചനയാണെങ്കിൽ നാളെ സ്റ്റേഡിയത്തിൽ ആവേശം ഒട്ടും തന്നെ കുറയില്ല. സ്റ്റേഡിയത്തിന് വെളിയിൽ 35 അടി ഉയരമുള്ള പടുകൂറ്റൻ കട്ടൗട്ട് ധോണിക്ക് വേണ്ടി സ്ഥാപിക്കുകയും ചെയ്തു AKDFA എന്ന ധോണി ഫാൻസ്‌ സംഘടന. ഓൾ കേരളം ധോണി ഫാൻസ്‌ എന്ന AKDFA ഒരു കായികതാരത്തിൻ്റെ പേരിൽ കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഏക സംഘടനയാണ്. 15 അടിയുടെ മറ്റൊരു കട്ടൗട്ട് കൂടെ ധോണിക്ക് വേണ്ടി സ്ഥാപിക്കാൻ തയാറെടുക്കുകയാണ് AKDFA തിരുവന്തപുരം യൂണിറ്റ്.

കോവളം രാവിസിലാണ് കളിക്കാർ താമസിക്കുന്നത്. കേരളം ഇപ്പോൾ വരാൻ സുരക്ഷിതമാണെന്നും, പ്രളയക്കെടുതികൾക്ക് ശേഷം പഴയ അവസ്ഥയിലേക്ക് മടങ്ങി എത്തുകയാണെന്നും കുറിച്ചുകൊണ്ട് കോഹ്ലി എഴുതിയ കുറിപ്പ് ഇതിനോടകം വൈറൽ ആയിക്കഴിഞ്ഞിരുന്നു.

നാളത്തെ മത്സരത്തിൻ്റെ ഫലം എന്ത് തന്നെയായാലും ക്രിക്കറ്റ് വീണ്ടും കേരളത്തിലേക്ക് വരണമെങ്കിൽ നടക്കുന്ന പരിപാടി വിജയമായി തീർന്നാലേ പറ്റുകയുള്ളു. ഫാൻസ്‌ അതിന് മുന്നിൽ തന്നെയുണ്ട്. മാധ്യമങ്ങളും, വിവിധ സേനകളും, കേരളാ ക്രിക്കറ്റ് അസോസിയേഷനും ഒക്കെ എണ്ണയിട്ട യന്ത്രങ്ങളെ പോലെ അഹോരാത്രം പണിയെടുക്കുന്നുണ്ട് എന്ന് തന്നെ കരുതാം. മികച്ചൊരു മത്സരത്തിന് വേണ്ടി നമുക്കും കാത്തിരിക്കാം.