ലൈക കോവൈ കിംഗ്സിനെതിരെ 11 റണ്‍സ് ജയം സ്വന്തമാക്കി ടൂട്ടി പാട്രിയറ്റ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ ആവേശകരമായ വിജയമാണ് പാട്രിയറ്റ്സ് സ്വന്തമാക്കിയത്. അര്‍ദ്ധ ശതകം നേടിയ ടൂട്ടി ഓപ്പണര്‍ എസ് ദിനേശ് ആണ് കളിയിലെ താരം. ആദ്യം ബാറ്റ് ചെയ്ത ടൂട്ടി പാട്രിയറ്റ്സ് 20 ഓവറില്‍ 182/7 എന്ന സ്കോറാണ് നേടിയത്. ദിനേശ് 59 റണ്‍സും കൗശിക് ഗാന്ധി 43 റണ്‍സും നേടുകയായിരുന്നു.
ഒന്നാം വിക്കറ്റില്‍ 89 റണ്‍സ് നേടി മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ ടൂട്ടി പാട്രിയറ്റ്സിനു നല്‍കിയത്. എന്നാല്‍ കൗശിക് ഗാന്ധിയെയും(25 പന്തില്‍ 43 റണ്‍സ്) സുബ്രമണ്യം ആനന്ദിനെയും തുടരെ നഷ്ടമായ ടീമിനെ അക്ഷയ് ശ്രീനിവാസന്(21 പന്തില്‍ 45)-ദിനേശ് കൂട്ടുകെട്ട് മികച്ച നിലയിലേക്ക് നയിക്കുകയായിരുന്നു. രാജഗോപാല്‍ സതീഷ് 9 പന്തില്‍ 18 റണ്‍സുമായി അവസാന ഓവറില്‍ മികച്ച പ്രകടനം നടത്തി.
അവസാന ഓവറുകള്‍ തുടരെ വിക്കറ്റുകള്‍ വീണപ്പോള്‍ 200നു മുകളിലുള്ള സ്കോര്‍ എന്ന പാട്രിയറ്റ്സ് മോഹം സാധ്യമായില്ല. ടി നടരാജന്, അജിത് റാം, പ്രശാന്ത് രാജേഷ് എന്നിവര്‍ കോവൈയ്ക്കായി 2 വീതം വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ കോവൈ ബാറ്റ്സ്മാന്മാര്ക്ക് തുടക്കം ലഭിച്ചുവെങ്കിലും അത് വലിയ സ്കോറിലേക്ക് മാറ്റുവാന്‍ സാധിക്കാതെ പോയതോടെ ലക്ഷ്യത്തിനു 11 റണ്‍സ് അകലെ വരെയെ ടീമിനു എത്തുവാന്‍ സാധിച്ചുള്ളു. അകില് ശ്രീനാഥ് 35 റണ്‍സുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയി. ഷാരൂഖ് ഖാന്(23), അഭിനവ് മുകുന്ദ്(21), ആന്റണി ദാസ്(20), രവികുമാര്‍ രോഹിത്(25), പ്രശാന്ത് രാജേഷ്(21) എന്നിങ്ങനെ നിരവധി ബാറ്റ്സ്മാന്മാര് ഇരുപതുകളില്‍ പുറത്തായതും ടീമിനു തിരിച്ചടിയായി.
പാട്രിയറ്റ്സിനു വേണ്ടി അതിശയരാജ് ഡേവിഡ്സണ്, ആകാശ് സുമ്ര എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി. 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് മാത്രമേ കോവൈയ്ക്ക് നേടാനായുള്ളു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial