ആദ്യ ക്വാളിഫയറില്‍ ഗയാന ആമസോണ്‍ വാരിയേഴ്സിനോടേറ്റ പരാജയത്തിനു ഫൈനലില്‍ പകരം വീട്ടി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ഖാരി പിയറി ബൗളിംഗിലും കോളിന്‍ മണ്‍റോ ബാറ്റിംഗിലും തിളങ്ങിയ ഫൈനലില്‍ ഗയാനയെ 8 വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ട്രിന്‍ബാഗോ തങ്ങളുടെ കിരീടം നിലനിര്‍ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഗയാന 147/9 എന്ന സ്കോര്‍ നേടിയപ്പോള്‍ ട്രിന്‍ബാഗോ 17.3 ഓവറില്‍ 2 വിക്കറ്റുകളുടെ നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
ലൂക്ക് റോഞ്ചി നേടിയ 44 റണ്‍സിനു പിന്തുണ നല്‍കുവാന്‍ മറ്റു ഗയാന താരങ്ങള്‍ക്ക് കഴിയാതെ പോയപ്പോള്‍ ഗയാനയ്ക്ക് 20 ഓവറില്‍ നിന്ന് 147 റണ്‍സ് മാത്രമേ നേടാനായുള്ളു. ജേസണ്‍ മുഹമ്മദ് ആണ് 9 വിക്കറ്റ് നഷ്ടമായ ടീമിന്റെ രണ്ടാമത്തെ പ്രധാന സ്കോറര്‍. 24 റണ്‍സാണ് ജേസണ്‍ മുഹമ്മദ് നേടിയത്. ട്രിന്‍ബാഗോയാക്കായി ഖാരി പിയറി മൂന്നും ഡ്വെയിന്‍ ബ്രാവോ രണ്ടും വിക്കറ്റും അലി ഖാന്‍, ഫവദ് അഹമ്മദ്, സുനില്‍ നരൈന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ദിനേശ് രാംദിനെ ഓപ്പണായി പരീക്ഷിച്ച ട്രിന്‍ബാഗോയ്ക്കായി രാംദിന്‍(24)-ബ്രണ്ടന്‍ മക്കല്ലം(39) കൂട്ടുകെട്ട് ആദ്യ വിക്കറ്റില്‍ 52 റണ്‍സാണ് നേടിയത്. കോളിന്‍ മണ്‍റോ ക്രീസില്‍ എത്തിയ ശേഷം അടിച്ച് തകര്‍ത്ത് മുന്നേറിയ ട്രിന്‍ബാഗോയ്ക്ക് രാംദിനെ നഷ്ടമായെങ്കിലും മണ്‍റോ 39 പന്തില്‍ നിന്ന് പുറത്താകാതെ നേടിയ 68 റണ്‍സ് ടീമിന്റെ വിജയം ഉറപ്പാക്കി. 4 റണ്‍സ് നേടിയ ഡാരെന്‍ ബ്രാവോ പരിക്കേറ്റ് പുറത്തായപ്പോള്‍ കോളിന്‍ ഇന്‍ഗ്രാം ഏഴ് റണ്‍സുമായി മണ്‍റോയ്ക്ക് പിന്തുണ നല്‍കി വിജയ സമയത്ത് ക്രീസില്‍ നിന്നു. റൊമാരിയോ ഷെപ്പേര്‍ഡ്, ക്രിസ് ഗ്രീന്‍ എന്നിവരാണ് ഗയാനയുടെ വിക്കറ്റ് നേട്ടക്കാര്‍.