ടെന്നീസിലെ പുത്തൻ താരോദയം കാത്ത് ആരാധകർ
സിൻസിനാട്ടി മാസ്റ്റേഴ്സ് വിജയിച്ചു കഴിഞ്ഞു ബോർണ കോറിച് പറഞ്ഞത്, ഞങ്ങൾക്ക് മുന്നേ ഫെഡറർ, നദാൽ, ജോക്കോവിച്ച് എന്നിവർ ടെന്നീസ് കോർട്ടുകൾ അടക്കി വന്നിരുന്നത് പോലെ ഇനി ആരും ദീർഘകാലം അടക്കി വാഴും എന്നു കരുതുന്നില്ല എന്നാണ്. ഇത് പല കാരണങ്ങൾ കൊണ്ടും ഏതാണ്ട് ശരിയാണ്. ഒരു കാരണം, ഈ മൂന്ന് പേരുടെ സ്വാഭാവദാര്‍ഢ്യവും കഴിവും ഉള്ള ഒരു കളിക്കാരനെ കണ്ടു കിട്ടാൻ നമുക്ക് ഇനിയും കഴിഞ്ഞിട്ടില്ല എന്നതാണ്. കഴിവ് ചിലപ്പോൾ മിന്നി തിളങ്ങുന്നുണ്ടെങ്കിലും, അത് നിലനിറുത്തി കൊണ്ട് പോകാൻ പുതുതലമുറ കളിക്കാർക്ക് സാധിക്കുന്നുമില്ല.
പുതിയ കളിക്കാർ ഏറ്റവും മുന്തിയ കളി പുറത്തെടുക്കാനുള്ള വ്യഗ്രതയിൽ, കളി മിടുക്കിന്റെ കുറവ് തരണം ചെയ്യാനായി അതി തീവ്രമായ കായിക ക്ഷമത പുറത്തെടുക്കുന്നതിലൂടെ, നിരന്തരമായ ഫോം നിലനിറുത്താൻ സാധിക്കാതെ പോകുന്നു എന്നതാണ് ഒരു കണ്ടെത്തൽ. പല കളിക്കാരുടെയും ടൂർണമെന്റ് ജയ പരാജയങ്ങളുടെ ഗ്രാഫ് നോക്കിയാൽ ഇത് ശരിയാണെന്ന് മനസ്സിലാകും.
എന്നാൽ പ്രധാന കാരണമായി പലരും കാണുന്നത് ഇവരുടെ ഒന്നിച്ചുള്ള വളർച്ചയെയാണ്. ഫെഡറർ, നദാൽ, ജോക്കോ, പിന്നെ ഒരു പരിധി വരെ ആന്റി മറെയും പരസ്പരപൂരകങ്ങളായ കളിക്കാരയിരുന്നു. അവർ തമ്മിൽ ഒരു വാശിയേറിയ മത്സരം എന്നും ഉണ്ടായിരുന്നു. ഒന്നിച്ചു കളിച്ചു, കളി മെച്ചപ്പെടുത്തി മുന്നോട്ട് വന്നവരാണ് ഇവർ. ആദ്യ കാലങ്ങളിൽ തികഞ്ഞ ശത്രുതയിൽ തുടങ്ങി, പിന്നീട് പരസ്പര ബഹുമാനമുള്ള എതിരാളികളും, സുഹൃത്തുക്കളും ആയി മാറിയ ചരിത്രമാണ് ഇവർക്കിടയിൽ ഉള്ളത്. ഇത് ഇവരുടെ കളിയെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. അങ്ങനെയുള്ള മത്സരം പല കാലത്തും ടെന്നീസിൽ സംഭവിച്ചിട്ടുണ്ട്. ബോർഗ്, കോണർസ്, മേക്കൻറോ, ലെൻഡൽ, ബെക്കർ, പാറ്റ് ക്യാഷ്, എഡ്‌ബെർഗ്, അഗാസി, സംപ്രാസ് എന്നിവർ എല്ലാം ഇത്തരം മത്സരങ്ങളിലൂടെ വളർന്നവരാണ്. ആ മത്സരങ്ങളെല്ലാം നമുക്ക് ആവേശകരമായ ടെന്നീസ് സമ്മാനിച്ചിട്ടുമുണ്ട്.
അതിനാൽ ഇനിയുള്ള കാലത്ത് ടെന്നീസ് ഇനിയും ഉയരങ്ങൾ താണ്ടണമെങ്കിൽ ഒരു കൂട്ടം കളിക്കാർ ഒന്നിച്ചു വരണം, വളരണം. അവർ പരസ്പരം കളിച്ചും, മത്സരിച്ചും, കലഹിച്ചും കളിയെ മുന്നോട്ട് കൊണ്ടു പോകണം. അത്തരം ഒരു കൂട്ടം കളിക്കാർ ഉയർന്നു വരും എന്ന് പ്രതീക്ഷിക്കാം.
ഇന്നതിന് കഴിവുള്ള ഒരു ഡസൻ കളിക്കാരെങ്കിലും ഇന്ന് 1000 മാസ്റ്റേഴ്സ് തലത്തിൽ കളിക്കുന്നുണ്ട്. അവരിൽ നിന്ന് മൂന്നോ നാലോ താരകങ്ങളെങ്കിലും ഉദിച്ചുയരുന്നത് നമുക്ക് കാത്തിരിക്കാം. രണ്ട് ദിവസത്തിൽ തുടങ്ങുന്ന യുഎസ് ഓപ്പൺ അതിന് തുടക്കമാകും എന്ന് പ്രത്യാശിക്കാം.