ടി20 വേൾഡ് കപ്പ്: ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഇന്ത്യൻ ടീം

രണ്ട് ദിവസം കഴിഞ്ഞു ഇന്ത്യ സൗത്ത് ആഫ്രിക്ക T20 സീരീസ് തുടങ്ങുകയായി. അഞ്ചു മാച്ചുകൾ കളിക്കാനായി സൗത്ത് ആഫ്രിക്ക ഇന്ത്യയിൽ എത്തി കഴിഞ്ഞു. ഇരു ടീമുകൾക്കും ഇത് ഈ വർഷാവസാനം ഓസ്ട്രേലിയയിൽ നടക്കുന്ന T20 വേൾഡ് കപ്പിനുള്ള തയ്യാറെടുപ്പാണ് എന്നാണ് പറഞ്ഞത്. അതിൽ വാസ്തവം എത്രയുണ്ടെന്നു കണ്ട് തന്നെ അറിയണം.

കളി നടക്കുന്ന വേദികൾ ഇവയാണ്:
ജൂണ് 9 – ഡൽഹി 
ജൂണ് 12 – കട്ടക്ക് 
ജൂണ് 14 – വിശാഖപട്ടണം
ജൂണ് 17 – രാജ്കോട്ട് 
ജൂണ് 19 – ബാംഗ്ലൂർ

ഇവയിൽ ഒന്നിന് പോലും ഓസ്‌ട്രേലിയൻ പിച്ചുകളുമായി ഒരു തരത്തിലുമുള്ള സാമ്യതയുമില്ല. കൂടാതെ ജൂണ് മാസത്തിൽ ഉത്തരേന്ത്യയിലെ ചൂട് കളിക്കാരെ എങ്ങനെ ബാധിക്കും എന്നും കണ്ടറിയണം.

ഈ സീരീസ് കഴിഞ്ഞാൽ ജൂണ് അവസാന വാരത്തിൽ ഇന്ത്യൻ ടീം അയർലണ്ടിലേക്ക് യാത്രയാകും. അവിടെ രണ്ട് T20 കളിച്ചു കഴിഞ്ഞു ഇംഗ്ളണ്ടിലേക്ക്.

ഇംഗ്ലണ്ടിൽ കഴിഞ്ഞ തവണ പോയപ്പോൾ കൊറോണ വന്നു മാറ്റി വച്ച ഒരു ടെസ്റ്റ് കളിച്ചു തുടങ്ങുന്ന ഇന്ത്യ, ജൂലൈ അവസാന വാരത്തിനുള്ളിൽ 3 T20 മാച്ചുകളും, 3 ഏകദിന മത്സരങ്ങളും കളിക്കും!

അവിടുന്നു ജൂലൈ അവസാന വാരം വെസ്റ്റ് ഇൻഡീസിലേക്ക് പോകുന്ന ടീം ആഗസ്റ്റ് ആദ്യ വാരത്തോടെ 5 T20 മത്സരങ്ങൾ കളിച്ചു തിരികെ വരും. വെസ്റ്റ് ഇൻഡീസിൽ ടി20 മത്സരങ്ങൾ മാത്രം ഷെഡ്യൂൾ ചെയ്തതിന് ബിസിസിഐയോട് നന്ദി പറയണം!
20220607 214659
സൗത്ത് ആഫ്രിക്കക്ക് എതിരെ കളിക്കാൻ തിരഞ്ഞെടുത്ത ടീമിനെ കുറിച്ചു പരാതികളുണ്ട്. രോഹിത്, വിരാട്, ബുംറ, ഷമി എന്നിവർക്ക് വിശ്രമം നൽകി രാഹുലിന്റെ നേതൃത്വത്തിൽ കളിക്കുന്ന ടീമിലെ പല അംഗങ്ങളും ഇംഗ്ളണ്ടിലേക്ക് പറക്കില്ലെന്നു ഉറപ്പാണ്. കഴിഞ്ഞ ഐപിഎൽ സീസണിൽ താരതമ്യേന പരാജയങ്ങളായിരുന്ന രോഹിതിനും വിരാടിനും വേണ്ടി അവർ മാറി കൊടുക്കേണ്ടി വരും. ചോദ്യമിതാണ്, ഇംഗ്ലണ്ടിലും ഇവർ പരാജയപ്പെട്ടാൽ ടീം എന്ത് ചെയ്യും?

സെപ്റ്റംബർ അവസാനത്തോടെ ടീം വീണ്ടും വിമാനം കയറും, ഓസ്‌ട്രേലിയയിലേക്ക്. ഒക്ടോബർ, നവംബർ മാസങ്ങളിൽ നടക്കുന്ന വേൾഡ് കപ്പിൽ ഇത്തവണ അവസാന ഊഴം കിട്ടുന്ന ഒരു പിടി കളിക്കാർ ഇന്ത്യൻ ടീമിലുണ്ട്. അവരെ അത് വരെ കളിപ്പിക്കണോ, അതോ വേൾഡ് കപ്പിന് അപ്പുറത്തേക്കുള്ള ഒരു ടീമിനെ ഇപ്പഴെ തിരഞ്ഞെടുക്കണോ എന്നതായിരുന്നു സിലക്ടർമാരുടെ മുന്നിലുണ്ടായിരുന്ന ചോദ്യം. അവർ സ്ഥിരം രീതികളിൽ നിന്ന് വ്യതിചലിക്കാതെ, ഇന്ത്യ സ്ഥിരം സഞ്ചരിക്കുന്ന വഴികളിലൂടെ തന്നെ ഓസ്‌ട്രേലിയയിലേക്ക് പോകാൻ തയ്യാറെടുക്കുന്നു.