രോഹിത് ശർമ്മയെയും വിരാട് കോഹ്‌ലിയെയും ഇന്ത്യ ടി20 ഐ ടീമുകളിൽ തിരഞ്ഞെടുക്കണമെന്ന് ഗൗതം ഗംഭീർ. രോഹിത് ഇനി ടി20 ഇന്ത്യക്ക് ആയി കളിക്കില്ല എന്ന് റിപ്പോർട്ടുകൾ വരികെയാണ് ഗംഭീർ അഭിപ്രായ പ്രകടനം നടത്തുന്നത്. രോഹിത് ക്യാപ്റ്റൻ ആയി തന്നെ ടീമിനൊപ്പം വേണം എന്നാണ് ഗംഭീർ പറയുന്നത്.
“അവർ രണ്ടുപേരെയും തിരഞ്ഞെടുക്കേണ്ടതുണ്ട്, രണ്ടുപേരെയും തിരഞ്ഞെടുക്കണം. അതിലും പ്രധാനമായി, ടി20 ലോകകപ്പിൽ രോഹിത് ശർമ്മയെ ക്യാപ്റ്റനായി കാണാൻ ഞാൻ ആഗ്രഹിക്കുന്നു.” ഗംഭീർ പറഞ്ഞു.
“അതെ, ഹാർദിക് ആണ് ടി20യിൽ ക്യാപ്റ്റനായി ഇപ്പോൾ ഉള്ളത്, പക്ഷേ ലോകകപ്പിൽ രോഹിതിനെ ക്യാപ്റ്റനായി കാണാൻ ഞാൻ ആഗ്രഹിക്കുന്നു. രോഹിത് ശർമ്മയെ ഒരു ബാറ്ററായി മാത്രം തിരഞ്ഞെടുക്കരുത്, ”ഗംഭീർ സ്‌പോർട്‌സ്‌കീഡയോട് പറഞ്ഞു.
“രോഹിത് ഒരു മികച്ച ലീഡർ ആണ്, ഈ ഏകദിന ലോകകപ്പിൽ തന്റെ നേതൃപാടവത്തിലൂടെയും ബാറ്റിംഗിലൂടെയും അദ്ദേഹം അത് തെളിയിച്ചു. നിങ്ങൾ രോഹിതിനെ തിരഞ്ഞെടുക്കുകയാണെങ്കിൽ, ബാറ്റ് ചെയ്യാൻ കഴിവുള്ള ക്യാപ്റ്റനായി തിരഞ്ഞെടുക്കണം. വിരാട് എന്തായാലും ടീമിൽ ഉണ്ടായിരിക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു.