2020 ലോകകപ്പ് ഫൈനലിലേറ്റ തോല്‍വിയ്ക്ക് മധുര പ്രതികാരം വീട്ടി ഇന്ത്യ. ബംഗ്ലാദേശിനെ 111 റൺസിനൊതുക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഓവറിൽ തന്നെ ഒരു വിക്കറ്റ് നഷ്ടമായി. പിന്നീട് കരുതലോടെ അംഗ്കൃഷ് രഘുവംശിയും ഷൈഖ് റഷീദും ബാറ്റ് വീശിയപ്പോള്‍ ഇന്ത്യയുടെ സ്കോറിംഗ് വളരെ പതിഞ്ഞ മട്ടിലായിരുന്നു.
രഘുവംശിയെ നഷ്ടമാകുമ്പോള്‍ രണ്ടാം വിക്കറ്റിൽ 70 റൺസാണ് ഇന്ത്യ നേടിയത്. 44 റൺസ് നേടിയ താരത്തിന് പിന്നാലെ 26 റൺസ് നേടിയ ഷെഖിന്റെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. അതിന് പിന്നാലെ സിദ്ധാര്‍ത്ഥ് യാദവിനെയും ഇന്ത്യയ്ക്ക് നഷ്ടമായെങ്കിലും ഇന്ത്യന്‍ നായകന്‍ യഷ് ധുൽ 20 റൺസുമായി ടീമിന്റെ വിജയം ഉറപ്പാക്കി.
30.5 ഓവറിൽ ഇന്ത്യ 5 വിക്കറ്റ് വിജയം നേടിയപ്പോള്‍ ബംഗ്ലാദേശ് നിരയിൽ റിപൺ മൊണ്ടൽ നാല് വിക്കറ്റ് നേടി. കൗശൽ താംബേ സിക്സര്‍ നേടിയാണ് ഇന്ത്യയുടെ വിജയ റൺസ് നേടിയത്. താരം 11 റൺസുമായി യഷ് ധുലിനൊപ്പം പുറത്താകാതെ നിന്നു.
വിജയത്തോടെ സെമിയിലേക്ക് ഇന്ത്യ പ്രവേശിച്ചു. പാക്കിസ്ഥാനെ പരാജയപ്പെടുത്തി എത്തുന്ന ഓസ്ട്രേലിയയാണ് സെമിയിൽ ഇന്ത്യയുടെ എതിരാളികള്‍.