സൂപ്പർ ലീഗ് കേരള – രണ്ടാം സെമിഫൈനലിൽ നാളെ തൃശ്ശൂരും മലപ്പുറവും ഏറ്റുമുട്ടും

Newsroom

Resizedimage 2025 12 13 20 03 33 1

സൂപ്പർ ലീഗ് കേരള രണ്ടാം സീസണിലെ രണ്ടാം സെമി ഫൈനലിൽ തൃശ്ശൂർ മാജിക് എഫ്സിയെ നേരിടാനൊരുങ്ങി മലപ്പുറം എഫ്‌സി. തൃശ്ശൂരിൻറെ സ്വന്തം തട്ടകമായ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഡിസംബർ 15ന് വൈകീട്ട് 7.30ന് ആണ് കിക്കോഫ് വിസിൽ മുഴങ്ങുക. ലീഗ് ഘട്ടത്തിൽ പതിനേഴ് പോയിന്റോടെ രണ്ടാം സ്ഥാനക്കാരായാണ് തൃശ്ശൂർ മാജിക് സെമിക്ക് യോഗ്യത നേടിയത്. അതിന്റെ ആനുകുല്യത്തിലാണ് അവർക്ക് ഹോം സ്റ്റേഡിയത്തിൽ കളിക്കാൻ കഴിയുന്നത്. മലപ്പുറമാണെങ്കിൽ അവസാന മത്സരത്തിൽ കൊച്ചിയെ തകർത്ത് പതിനാല് പോയിന്റോടെ മൂന്നാം സ്ഥാനകാരായാണ് സെമിഫൈനലിനെത്തുന്നത്.

1000379174

ലീഗിൽ ഇതുവരെ ഏറ്റവും കുറവ് ഗോൾ വഴങ്ങിയ ടീമാണ് തൃശൂർ. വെറും 7 ഗോളുകൾ മാത്രമാണ് തൃശൂർ ഇതുവരെ വഴങ്ങിയിട്ടുള്ളത്. കാലിക്കറ്റ് എഫ്‌.സി കഴിഞ്ഞാൽ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ സ്‌കോർ ചെയ്ത ടീമാണ് മലപ്പുറം. 18 ഗോളുകളാണ് മലപ്പുറം ഈ സീസണിലിതുവരെ അടിച്ചുകൂട്ടിയത്. അതിൽ എട്ട് ഗോളും നേടിയത് ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതുള്ള സൂപ്പർ സ്‌ട്രൈക്കർ ജോൺ കെന്നഡിയാണ്. നേരത്തെ ലീഗ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ചിരുന്നു. എംഎഫ്‌സിയുടെ ഹോം ഗ്രൗണ്ടായ പയ്യനാട് സ്റ്റേഡിയത്തിൽ വെച്ച് നടന്ന ആദ്യപാദമൽസരത്തിൽ 1 -0 എന്ന സ്കോറിൽ മലപ്പുറം തൃശ്ശൂരിനെ പരാജയപെടുത്തിയിരുന്നു. റോയ് കൃഷ്ണയാണ് അന്ന് പെനാൽട്ടിയിലൂടെ മലപ്പുറത്തിന് വേണ്ടി വിജയഗോൾ നേടിയത്. തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പാദത്തിൽ മലപ്പുറം 2-1 സ്‌കോറിൽ തോൽവി നേരിടുകയും ചെയ്തിരുന്നു.

സൂപ്പർ ലീഗ് കേരളയുടെ ആദ്യ സീസണിൽ സെമിഫൈനൽ കാണാതെ പുറത്ത് പോയ രണ്ടു ടീമുകളായിരുന്നു മലപ്പുറവും തൃശ്ശൂരും. മലപ്പുറം അഞ്ചാം സ്ഥാനത്തും തൃശ്ശൂർ ആറാം സ്ഥാനത്തുമായിരുന്നു ഫിനിഷ് ചെയ്തിരുന്നത്.ഈ സെമിയിൽ വിജയിക്കുന്ന ടീം പതിനാലാം തീയ്യതി നടക്കുന്ന കാലിക്കറ്റും കണ്ണൂർ വാരിയേർസും തമ്മിലുള്ള ഒന്നാം സെമി മത്സരത്തിലെ വിജയികളുമായി കലാശപ്പോരിൽ ഏറ്റുമുട്ടും. മത്സരം സോണി ടെൻ 2, ഡിഡി മലയാളം, സ്പോർട്സ്.കോം എന്നിവയിൽ തത്സമയം കാണാവുന്നതാണ്.