ഹീറോ സൂപ്പർ കപ്പിലെ അനിശ്ചിതാവസ്ഥയ്ക്ക് അറുതിയില്ല. ഐ ലീഗ് ടീമുകളുടെ പ്രതിഷേധമാണ് സൂപ്പർ കപ്പിനെ വിവാദമാക്കിയത്. ഇന്ന് സൂപ്പർ കപ്പിൽ ഗോകുലം കേരള എഫ്‌സി – ഡൽഹി ഡൈനാമോസിനെയും ചെന്നൈയിൻ എഫ്‌സി ഐസോൾ എഫ്സിയെയുമായിരുന്നു നേരിടേണ്ടിയിരുന്നത്.
എന്നാൽ മുൻപ് പ്രഖ്യാപിച്ചത് പോലെ തന്നെ പ്രതിഷേധമുയർത്തിക്കൊണ്ട് ഗോകുലവും ഐസോളും സൂപ്പർ കപ്പ് മത്സരം ബഹിഷ്കരിച്ചു. ഇതേ തുടർന്ന് ചെന്നൈയിൻ എഫ്സിയെയും ഡൽഹി ഡൈനാമോസിനെയും സൂപ്പർ കപ്പിന്റെ പ്രീ ക്വാർട്ടറിൽ കടന്നതായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രഖ്യാപനം വന്നു.
ഐ ലീഗിനെ രണ്ടാം ഡിവിഷൻ ലീഗാക്കാൻ എ ഐ എഫ് എഫ് ശ്രമം നടത്തുന്നു എന്ന് ആരോപിച്ചായിരുന്നു ഐ ലീഗ് ടീമുകൾ ബഹിഷ്ക്കരണം നടത്തിയത്. ഐ ലീഗ് ടീമുകളായ റിയൽ കാശ്മീർ എഫ്സിയും ഇന്ത്യൻ ആരോസും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നില്ല. കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഇന്നലെ പരാജയപ്പെടുത്തിയ ഇന്ത്യൻ ആരോസ് പ്രീ ക്വാർട്ടറിൽ കടന്നു.