ഒരു ഘട്ടത്തില്‍ 170ന് മേലുള്ള സ്കോര്‍ നേടുവാന്‍ പ്രയാസപ്പെടുമെന്ന തോന്നിപ്പിച്ച ഡല്‍ഹി ക്യാപിറ്റല്‍സിനെ 196 റണ്‍സിലേക്ക് എത്തിച്ച് മാര്‍ക്കസ് സ്റ്റോയിനിസ്. 26 പന്തില്‍ നിന്ന് 53 റണ്‍സ് നേടിയ താരത്തിനൊപ്പം പൃഥ്വി ഷായും ഋഷഭ് പന്തും തിളങ്ങിയപ്പോള്‍ ആര്‍സിബിയ്ക്കെതിരെ ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറായി ഇത്. വ്യക്തിഗത സ്കോര്‍ 30ല്‍ നില്‍ക്കവെ സ്റ്റോയിനിസിന്റെ ക്യാച്ച് ചഹാല്‍ കൈവിടുകയായിരുന്നു.
ഓപ്പണര്‍മാര്‍ ഡല്‍ഹിയ്ക്ക് മിന്നും തുടക്കമാണ് നല്‍കിയത്. തന്റെ കഴിഞ്ഞ മത്സരത്തിലെ ഫോം തുടര്‍ന്ന പൃഥ്വി ഷാ ഈ മത്സരത്തിലും വെടിക്കെട്ടോടു കൂടിയാണ് ബാറ്റിംഗ് തുടങ്ങിയത്. ഓപ്പണിംഗ് കൂട്ടുകെട്ട് തകര്‍ക്കുവാന്‍ യൂസുവേന്ദ്ര ചഹാലിനെ വിരാട് കോഹ്‍ലി രംഗത്തിറക്കിയെങ്കിലും പൃഥ്വിയും ധവാനും ചേര്‍ന്ന് ഓവറില്‍ നിന്ന് 18 റണ്‍സാണ് നേടിയത്. പവര്‍പ്ലേയില്‍ 63 റണ്‍സാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നേടിയത്. ഡല്‍ഹിയുടെ ഈ സീസണിലെ ഏറ്റവും മികച്ച പവര്‍പ്ലേ സ്കോര്‍ കൂടിയാണ് ഇത്.
പവര്‍പ്ലേയ്ക്ക് ശേഷം ശേഷമുള്ള ആദ്യ ഓവറില്‍ തന്നെ മുഹമ്മദ് സിറാജ് പൃഥ്വി ഷായെ പുറത്താക്കി ബാംഗ്ലൂരിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. 23 പന്തില്‍ നിന്ന് 42 റണ്‍സ് നേടിയ പൃഥ്വി ഷാ 5 ഫോറും 2 സിക്സുമാണ് നേടിയത്. പൃഥ്വിയും ശിഖര്‍ ധവാനും കൂടി 68 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ നേടിയത്.
പൃഥ്വി പുറത്തായ ശേഷം റണ്ണൊഴുക്ക് തടഞ്ഞ റോയല്‍ ചലഞ്ചേഴ്സ് ബൗളര്‍മാര്‍ മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. അധികം വൈകാതെ ഡല്‍ഹിയ്ക്ക് ഓപ്പണര്‍ ശിഖര്‍ ധവാനെയും നഷ്ടമായി. 28 പന്തില്‍ നിന്ന് 32 റണ്‍സാണ് താരം നേടിയത്. ഇസ്രു ഉഡാനയ്ക്കായിരുന്നു വിക്കറ്റ്. പത്തോവര്‍ അവസാനിക്കുമ്പോള്‍ ഡല്‍ഹി 85/2 എന്ന നിലയിലായിരുന്നു.
റണ്‍റേറ്റ് ഉയര്‍ത്തുവാന്‍ ശ്രമിച്ച ശ്രേയസ്സ് അയ്യര്‍ മോയിന്‍ അലിയെ സിക്സര്‍ പറത്തുവാന്‍ ശ്രമിച്ചുവെങ്കിലും ബൗണ്ടറി ലൈനില്‍ മികച്ചൊരു ക്യാച്ചിലൂടെ ദേവ്ദത്ത് പടിക്കല്‍ കൈയ്യിലൊതുക്കിയപ്പോള്‍ ഡല്‍ഹിയ്ക്ക് മൂന്നാം വിക്കറ്റ് നഷ്ടമായി. 68/0 എന്ന നിലയില്‍ നിന്ന് 90/3 എന്ന നിലയിലേക്ക് ഡല്‍ഹി വീഴുകയായിരുന്നു.
കൈവിടുമെന്ന തോന്നിച്ച മത്സരം ഡല്‍ഹി പക്ഷത്തേക്ക് തിരിച്ചത് സ്റ്റോയിനിസും പന്തും ചേര്‍ന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു. 89 റണ്‍സ് കൂട്ടുകെട്ട് നേടിയ ഈ കൂട്ടുകെട്ട് ഡല്‍ഹിയെ തിരിച്ച് മത്സരത്തിലേക്ക് കൊണ്ടുവരുകിയായിരുന്നു. 24 പന്തില്‍ നിന്ന് ഈ ടൂര്‍ണ്ണമെന്റിലെ തന്റെ രണ്ടാം അര്‍ദ്ധ ശതകം സ്റ്റോയിനിസ് നേടുകയായിരുന്നു.
25 പന്തില്‍ നിന്നാണ് ഋഷഭ് പന്ത് തന്റെ 37 റണ്‍സ് നേടിയത്. താരത്തെ പുറത്താക്കി മുഹമ്മദ് സിറാജ് തന്റെ രണ്ടാം വിക്കറ്റ് നേടി. 11 റണ്‍സുമായി ഷിമ്രണ്‍ ഹെറ്റ്മ്യര്‍ നിര്‍ണ്ണായക സംഭാവന അവസാന ഓവറുകളില്‍ നല്‍കുകയായിരുന്നു.
ആര്‍സിബി നിരയില്‍ സൂപ്പര്‍ ഓവര്‍ ഹീറോ നവ്ദീപ് സൈനിയ്ക്ക് ഇത് മറക്കാനാഗ്രഹിക്കുന്ന മത്സരമാണ്. വിക്കറ്റ് ലഭിയ്ക്കാതിരുന്ന താരം 3 ഓവറില്‍ നിന്ന് 48 റണ്‍സാണ് വഴങ്ങിയത്. വാഷിംഗ്ടണ്‍ സുന്ദര്‍ ആണ് ആര്‍സിബി നിരയിലെ ഏറ്റവും മികച്ച ബൗളര്‍. വിക്കറ്റ് ലഭിച്ചില്ലെങ്കിലും താരം നാലോവറില്‍ വെറും 20 റണ്‍സാണ് വിട്ട് നല്‍കിയത്.