ഐപിഎലില്‍ ആദ്യ ക്വാളിഫയറിൽ സൺറൈസേഴ്സിനെതിരെ തീപാറും ബൗളിംഗ് പ്രകടനവുമായി കൊൽക്കത്തയുടെ മിച്ചൽ സ്റ്റാര്‍ക്ക്. സ്റ്റാര്‍ക്കിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിന് ശേഷം രാഹുല്‍ ത്രിപാഠിയും ഹെയിന്‍റിച്ച് ക്ലാസ്സനും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ നേടിയ 62 റൺസാണ് സൺറൈസേഴ്സിന് തുണയായത്. 126/9 എന്ന നിലയിൽ നിന്ന് പത്താം വിക്കറ്റിൽ പാറ്റ് കമ്മിന്‍സിന്റെ ബാറ്റിംഗ് പ്രകടനം സൺറൈസേഴ്സിനെ 159 റൺസിലേക്ക് എത്തിച്ചു.
ആദ്യ ഓവറിൽ ട്രാവിസ് ഹെഡിനെ നഷ്ടമായ സൺറൈസേഴ്സിന് രണ്ടാം ഓവറിൽ അഭിഷേക് ശര്‍മ്മയെയും നഷ്ടമായി. സ്റ്റാര്‍ക്ക് തന്റെ മൂന്നാം ഓവറിലെ അടുത്തടുത്ത പന്തുകളിൽ നിതീഷ് റെഡ്ഡിയെയും ഷഹ്ബാസ് അഹമ്മദിനെയും പുറത്താക്കിയപ്പോള്‍ സൺറൈസേഴ്സ് 39/4 എന്ന നിലയിലേക്ക് വീണു.
തകര്‍ച്ചയിൽ നിന്ന് രാഹുല്‍ ത്രിപാഠി – ഹെയിന്‍റിച്ച് ക്ലാസ്സന്‍ കൂട്ടുകെട്ട് സൺറൈസേഴ്സിനെ കരകയറ്റി ടീം സ്കോര്‍ നൂറ് കടത്തിയെങ്കിലും മിസ്ട്രി സ്പിന്നര്‍ വരുൺ ചക്രവര്‍ത്തി ക്ലാസ്സനെ പുറത്താക്കി കൂട്ടുകെട്ട് തകര്‍ത്തു. 21 പന്തിൽ 32 റൺസാണ് ക്ലാസ്സന്‍ നേടിയത്. രാഹുല്‍ ത്രിപാഠി തന്റെ അര്‍ദ്ധ ശതകം തികച്ചച്ചുവെങ്കിലും അധികം വൈകാതെ താരം റണ്ണൗട്ട് രൂപത്തിൽ പുറത്തായത് സൺറൈസേഴ്സിന് തിരിച്ചടിയായി. അഭിഷേക് ശര്‍മ്മയ്ക്ക് പകരം ഇംപാക്ട് പ്ലേയര്‍ ആയി എത്തിയ സന്‍വീര്‍ സിംഗിനെ പുറത്താക്കി നരൈനും വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു.
121/5 എന്ന നിലയിൽ നിന്ന് 126/9 എന്ന നിലയിലേക്ക് വീണ സൺറൈസേഴ്സിനെ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് 30 റൺസുമായി 159 റൺസിലേക്ക് എത്തിച്ചു. 19.3 ഓവറിലാണ് സൺറൈസേഴ്സ് ഓള്‍ഔട്ട് ആയത്. കൊൽക്കത്തയ്ക്കായി സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ വരുൺ ചക്രവര്‍ത്തി 2 വിക്കറ്റ് നേടി.