ശ്രീലങ്കന്‍ താരം ശ്രീപാലി വീരകോടി വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചു

Sports Correspondent

ശ്രീലങ്കയുടെ വനിത ഫാസ്റ്റ് ബൗളര്‍ ശ്രീപാലി വീരകോടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 34 വയസ്സുള്ള താരം 84 ഏകദിനങ്ങളിലും 58 ടി20 മത്സരങ്ങളിലും രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇരു ഫോര്‍മാറ്റുകളിലുമായി 89 വിക്കറ്റുകളും നേടിയിട്ടുണ്ട് ശ്രീപാലി.

ബംഗ്ലാദേശിനെതിരെ 2018ല്‍ വനിത ടി20 ലോകകപ്പിലാണ് താരം അവസാനമായി ശ്രീലങ്കയ്ക്ക് വേണ്ടി കളിച്ചത്. 2006ല്‍ പാക്കിസ്ഥാനെതിരെ ജയ്പൂരില്‍ ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം. 14 വര്‍ഷം നീണ്ട കരിയര്‍ അവസാനിപ്പിക്കുവാനുള്ള തന്റെ തീരുമാനം തീര്‍ത്തും വ്യക്തിപരം മാത്രമാണെന്നും ശ്രീപാലി വ്യക്തമാക്കി.

2013ല്‍ വെസ്റ്റിന്‍ഡീസിനെതിരെയുള്ള ഏകദിനത്തില്‍ നേടിയ 19 റണ്‍സിന് മൂന്ന് വിക്കറ്റാണ് താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം. ടി20യിലും വെസ്റ്റിന്‍ഡീസിനെതിരെ തന്നെയാണ് താരത്തിന്റെ മികച്ച പ്രകടനം. 23 റണ്‍സിന് മൂന്ന് വിക്കറ്റാണ് താരം നേടിയത്.