ഏഷ്യ കപ്പ് ഫൈനൽ വിജയിച്ചു കൊണ്ട് ശ്രീലങ്കൻ ടീം സാമ്പത്തിക തകർച്ചയെയും രാഷ്ട്രീയ അനിശ്ചിതത്വത്തെയും നേരിടുന്ന തങ്ങളുടെ നാട്ടുകാർക്ക് ഒരു സന്ദേശം അയച്ചു. ഒന്നിച്ചു നിൽക്കുക, വിജയിക്കാൻ ജനങ്ങൾക്കാകും.
ടൂർണമെന്റ് തുടങ്ങിയ സമയത്ത് യാതൊരു സാധ്യതയും കല്പിക്കാതിരുന്ന ഒരു ടീം ആണിത്. പക്ഷെ പിടിച്ചു നിൽക്കാൻ ആവശ്യമായ കളികൾ അവർ ജയിച്ചു. അവരുടെ ഈ പ്രദർശനത്തിൽ ഒരു കളിക്കാരൻ പോലും അസാമാന്യ കളി പുറത്തെടുത്തില്ല, പകരം എല്ലാ കളിക്കാരും തങ്ങളുടെ കടമ നിറവേറ്റി. എടുത്തു പറയാൻ ഒരു കളിക്കാരനുമില്ല, പറയേണ്ടത് ടീമിന്റെ ഒത്തൊരുമയാണ്.
ഇന്ന് ഫൈനലിൽ ശ്രീലങ്കൻ ടീം പുറത്തെടുത്ത ഫീല്ഡിങ്ങ് പ്രകടനം അടുത്ത കാലത്ത് ഒരു ക്രിക്കറ്റ് ഗ്രൗണ്ടിലും നമ്മൾ കാണാത്ത അത്ര മനോഹരമായിരുന്നു. ഒരു ക്യാച്ച് പോലും കളഞ്ഞില്ല, ഒരു ബൗണ്ടറി പോലും അധികമായി കൊടുത്തില്ല.
ബോളർമാർ ശരിക്കും ഹോംവർക്ക് ചെയ്താണ് കളത്തിൽ ഇറങ്ങിയത്. ഓരോ ബാറ്ററേയും അറിഞ്ഞുള്ള ബോളിങ് ആയിരിന്നു പ്രധാനം.
ആദ്യം ബാറ്റ് ചെയ്ത് 50 റണ്സ് എടുക്കുന്നതിനിടയിൽ 5 വിക്കറ്റ് കളഞ്ഞെങ്കിലും, രാജ്പക്‌സയും ഹസരംഗയും പക്വതയോടെ കളിച്ചു.
ഈ വിജയം ആ ടീമിന് നൽകുന്ന ആത്മവിശ്വാസം കുറച്ചൊന്നുമാകില്ല, പ്രത്യേകിച്ചു വേൾഡ് കപ്പ് അടുത്തു നിൽക്കുന്ന വേളയിൽ. അതേ സമയം ഈ വിജയം ആ രാജ്യത്തെ രാഷ്ട്രീയക്കാരോട് ഉറക്കെ വിളിച്ചു പറയുന്നുണ്ട്, നിങ്ങൾ ചെയ്യേണ്ട ജോലി നിങ്ങൾ ആത്മാർത്ഥതയോടെ ഒരുമിച്ചു നിന്ന് ചെയ്യുക, എന്നാൽ മാത്രമേ രാജ്യത്തിന് വിജയിക്കാനാകൂ!