രണ്ടാം സ്ഥാനം തട്ടിയെടുത്ത് സൺറൈസേഴ്സ്, ഇനി ജയിച്ചേ തീരൂ സഞ്ജുവിന്!!!!

Sports Correspondent

ഐപിഎലില്‍ ഇന്ന് പഞ്ചാബ് കിംഗ്സ് നൽകിയ 215 റൺസ് വിജയ ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തിൽ 19.1 ഓവറിൽ മറികടന്ന സൺറൈസേഴ്സ് നേടിയത് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനം. അവസാന മത്സരത്തിൽ കൊൽക്കത്തയെ രാജസ്ഥാന്‍ റോയൽസ് തോല്പിക്കുന്നില്ലെങ്കിൽ ആദ്യ ക്വാളിഫയറിൽ കളിക്കുക എന്ന സഞ്ജുവിന്റെയും സംഘത്തിന്റെയും മോഹം പൊലിയുമെന്ന് ഉറപ്പായി.

ഹെഡിനെ ആദ്യ പന്തിൽ നഷ്ടപ്പെട്ടുവെങ്കിലും തങ്ങളുടെ പതിവു ശൈലിയ്ക്ക് ഒരു മാറ്റവുമില്ലാതെയാണ് സൺറൈസേഴ്സ് ബാറ്റിംഗ് തുടര്‍ന്നത്. ത്രിപാഠി – അഭിഷേക് ശര്‍മ്മ കൂട്ടുകെട്ട് 72 റൺസാണ് അഞ്ച് ഓവറിൽ നേടിയത്. 18 പന്തിൽ 33 റൺസ് നേടിയ ത്രിപാഠിയുടെ വിക്കറ്റ് ഹര്‍ഷൽ പട്ടേൽ നേടിയപ്പോള്‍ അഭിഷേക് ശര്‍മ്മ തുടര്‍ന്നും വെടിക്കെട്ട് ബാറ്റിംഗ് തുടര്‍ന്നു.

Tripathiabhishek

ശര്‍മ്മയും നിതീഷ് റെഡ്ഡിയും റണ്ണടിച്ച് കൂട്ടിയപ്പോള്‍ 10 ഓവറിൽ 129 റൺസാണ് സൺറൈസേഴ്സ് നേടിയത്. 28 പന്തിൽ 66 റൺസ് നേടിയ അഭിഷേക് ശര്‍മ്മയെ പതിനൊന്നാം ഓവറിലെ ആദ്യ പന്തിൽ ശശാങ്ക് പുറത്താക്കിയപ്പോള്‍ രണ്ടാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 57 റൺസാണ് നേടിയത്. നിതീഷ് റെഡ്ഡിയും ക്ലാസ്സനും റൺ റേറ്റിന് ഒരു തടസ്സവും സൃഷ്ടിക്കാതെ ബാറ്റ് വീശിയപ്പോള്‍ നാലാം വിക്കറ്റിൽ 47 റൺസ് കൂടി സൺറൈസേഴ്സിനായി ഇവര്‍ നേടി.

37 റൺസ് നേടിയ നിതീഷ് റെഡ്ഡിയെ ഹര്‍ഷൽ പട്ടേൽ പുറത്താക്കിയെങ്കിലും റൺ റേറ്റ് വരുതിയിലാക്കുവാന്‍ സൺറൈസേഴ്സിന് സാധിച്ചിരുന്നു. അര്‍ഷ്ദീപ് എറിഞ്ഞ തൊട്ടടുത്ത ഓവറിൽ ഷഹ്ബാസ് അഹമ്മദ് നൽകിയ അവസരം ഹര്‍ഷൽ പട്ടേൽ കൈവിട്ടത് പഞ്ചാബിന് തിരിച്ചടിയായി.

മത്സരം അവസാന അഞ്ചോവറിലേക്ക് കടന്നപ്പോള്‍ വെറും 33 റൺസ് മതിയായിരുന്നു സൺറൈസേഴ്സിന് വിജയത്തിനായി.  ഷഹ്ബാസിനെ നഷ്ടമായെങ്കിലും ക്ലാസ്സന്‍ 26 പന്തിൽ 42 റൺസുമായി സൺറൈസേഴ്സിനെ വിജയത്തിന് തൊട്ടരികിലെത്തിച്ചു.

താരത്തിനെ ഹര്‍പ്രീത് ബ്രാര്‍ പുറത്താക്കിയപ്പോള്‍ സൺറൈസേഴ്സ് നേടേണ്ടിയിരുന്നത് വെറും 7 റൺസായിരുന്നു. ഓവറിൽ നിന്ന് മൂന്ന് റൺസ് കൂടി നേടിയപ്പോള്‍ അവസാന ഓവറിലെ ലക്ഷ്യം 4 റൺസായി മാറി.