220ന് മേലെയുള്ള സ്കോര്‍ നേടുമെന്ന തോന്നിപ്പിച്ചുവെങ്കിലും സണ്‍റൈസേഴ്സ് മോഹങ്ങള്‍ക്ക് തടയിട്ട് രവി ബിഷ്ണോയി. ഇന്നിംഗ്സിലെ 16ാം ഓവര്‍ എറിയുവാന്‍ താരം എത്തുമ്പോള്‍ 160/0 എന്ന നിലയിലായിരുന്നു സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. എന്നാല്‍ ഓവര്‍ അവസാനിച്ചപ്പോള്‍ 52 റണ്‍സ് നേടിയ വാര്‍ണറെയും 97 റണ്‍സ് നേടിയ ജോണി ബൈര്‍സ്റ്റോയെയും മടക്കി ബിഷ്ണോയി തന്റെ മികവ് തെളിയിക്കുകയായിരുന്നു. താനെറിഞ്ഞ ആദ്യ ഓവറില്‍ 18 റണ്‍സ് വഴങ്ങിയ താരം പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തി മൂന്ന് വിക്കറ്റ് നേടി.
അവസാന അഞ്ചോവറില്‍ 41 റണ്‍സ് നേടിയ സണ്‍റൈസേഴ്സ് 6 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സിലേക്ക് എത്തുകയായിരുന്നു. അവസാന ഓവറുകളില്‍ അഭിഷേക് ശര്‍മ്മയുടെയും(6 പന്തില്‍ 12) കെയിന്‍ വില്യംസണിന്റെയും (10 പന്തില്‍ നിന്ന് 20) ശ്രമങ്ങളാണ് ടീമിനെ സ്കോര്‍ ഈ സ്കോറിലേക്ക് എത്തിച്ചത്.
58 റണ്‍സാണ് സണ്‍റൈസേഴ്സ് ഓപ്പണര്‍മാര്‍ പവര്‍പ്ലേയില്‍ നേടിയത്. ഇത് സണ്‍റൈസേഴ്സിന്റെ ഈ സീസണ്‍ പവര്‍പ്ലേയിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കൂടിയാണ്. മുംബൈയ്ക്കെതിരെ ഒരു വിക്കറ്റ് നഷ്ടത്തില്‍ നേടിയ 56/1 എന്ന സ്കോറിനെയാണ് ഈ കൂട്ടുകെട്ട് മറികടന്നത്.
ബൈര്‍സ്റ്റോയുടെ വ്യക്തിഗത സ്കോര്‍ 19ല്‍ നില്‍ക്കവെ താരം നല്‍കിയ അവസരം പഞ്ചാബ് ക്യാപ്റ്റന്‍ ലോകേഷ് രാഹുല്‍ കൈവിടുകയായിരുന്നു. അത് മുതലാക്കിയ താരം അടി തുടങ്ങിയപ്പോള്‍ കിംഗ്സ് ഇലവന്‍ ബൗളര്‍മാര്‍ക്ക് കണക്കറ്റ് പ്രഹരം ലഭിച്ചു.
യുവതാരം രവി ബിഷ്ണോയി പന്തെറിയാനെത്തിയപ്പോള്‍ 18 റണ്‍സാണ് ഓവറില്‍ നിന്ന് പിറന്നത്. ബൈര്‍സ്റ്റോ രണ്ട് സിക്സും ഒരു ഫോറും നേടുകയായിരുന്നു. അധികം വൈകാതെ ജോണി ബൈര്‍സ്റ്റോ 28 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി.
പത്തോവറില്‍ 100 റണ്‍സാണ് സണ്‍റൈസേഴ്സ് ഓപ്പണിംഗ് കൂട്ടുകെട്ട് നേടിയത്. ഗ്ലെന്‍ മാക്സ്വെല്‍ എറിഞ്ഞ പതിനൊന്നാം ഓവറില്‍ ബൈര്‍സ്റ്റോ രണ്ട് സിക്സും ഒരു ഫോറും നേടിയപ്പോള്‍ ഓവറില്‍ നിന്ന് 20 റണ്‍സ് ആണ് പിറന്നത്.
ഡേവിഡ് വാര്‍ണര്‍ 38 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടുകയായിരുന്നു. ഇന്നിംഗ്സ് അവസാന അഞ്ചോവറിലേക്ക് എത്തിയപ്പോള്‍ സണ്‍റൈസേഴ്സ് 160 റണ്‍സാണ് നേടിയത്. വീണ്ടും ബൗളിംഗിലേക്ക് എത്തിയ രവി ബിഷ്ണോയ് സണ്‍റൈസേഴ്സ് നായകനെ പുറത്താക്കുകയായിരുന്നു. 40 പന്തില്‍ 32 റണ്‍സാണ് ഡേവിഡ് വാര്‍ണറുടെ സംഭാവന.
അതേ ഓവറില്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുടുങ്ങി ബൈര്‍സ്റ്റോ പുറത്തായപ്പോള്‍ താരത്തിന് ശതകം മൂന്ന് റണ്‍സ് അകലെ നഷ്ടമായി. 55 പന്തില്‍ നിന്ന് 97 റണ്‍സ് നേടിയ ബൈര്‍സ്റ്റോ 7 ഫോറും ആറ് സിക്സുമാണ് നേടിയത്. ഒരു റണ്‍സ് മാത്രമാണ് രവി ബിഷ്ണോയ് വിട്ട് നല്‍കിയത്.
അര്‍ഷ്ദീപ് സിംഗ് മനീഷ് പാണ്ടേയെ പുറത്താക്കിയതോടെ 160/0 എന്ന നിലയില്‍ നിന്ന് 161/3 എന്ന നിലയിലേക്ക് സണ്‍റൈസേഴ്സ് വീഴുകയായിരുന്നു. രവി ബിഷ്ണോയിയുടെ അടുത്ത ഓവറില്‍ താരം അബ്ദുള്‍ സമാദിനെ പുറത്താക്കുവാനുള്ള അവസരം സൃഷ്ടിച്ചുവെങ്കിലും നിക്കോളസ് പൂരന്‍ ആ ക്യാച് ബൗണ്ടറി ലൈനില്‍ കൈവിടുകയായിരുന്നു. എന്നാല്‍ അതേ ഓവറില്‍ തന്നെ രവി ബിഷ്ണോയി സമാദിനെ പുറത്താക്കി. തന്റെ മത്സരത്തിലെ മൂന്നാം വിക്കറ്റാണ് ബിഷ്ണോയി നേടിയത്.
പകരം ക്രീസിലെത്തിയ പ്രിയം ഗാര്‍ഗിനെ അര്‍ഷ്ദീപ് സിംഗ് പുറത്താക്കിയപ്പോള്‍ 175/5 എന്ന നിലയിലേക്ക് സണ്‍റൈസേഴ്സ് വീണു. കെയിന്‍ വില്യംസണും അഭിഷേക് ശര്‍മ്മയും അവസാന ഓവറുകളില്‍ നേടിയ സ്കോറുകളുടെ ബലത്തിലാണ് സണ്‍റൈസേഴ്സ് 201 റണ്‍സിലേക്ക് എത്തിയത്.