ശ്രീകുട്ടൻ കേരള ബ്ലാസ്റ്റേഴ്സ് വിടില്ല, പുതിയ കരാർ ഒപ്പുവെച്ചു

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ സ്ട്രൈക്കർ ശ്രീകുട്ടൻ ക്ലബ് വിടില്ല. താരത്തിന്റെ കരാർ ഈ സീസണോടെ അവസാനിക്കേണ്ടതായിരുന്നു. താരത്തിന് കേരള ബ്ലാസ്റ്റേഴ്സ് ഒരു സീസണിലേക്ക് കൂടെ കരാർ നൽകിയിട്ടുണ്ട്. താരം കരാർ പുതുക്കിയതായി സില്ലിസ് സ്പോർട്സും റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സീസണിൽ ശ്രീകുട്ടൻ ഗോകുലം കേരളയിൽ ലോണിൽ കളിച്ചിരുന്നു. ഗോകുലത്തിന്റെ ലീഗ് കിരീട നേട്ടത്തിൽ വലിയ പങ്കുവഹിച്ച താരമാണ് ശ്രീകുട്ടൻ. 17 മത്സരങ്ങൾ കളിച്ച ശ്രീകുട്ടൻ രണ്ട് നിർണായക ഗോളുകൾ നേടിയിരുന്നു.
Img 20220610 133616
കഴിഞ്ഞ പ്രീസീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് ആയി നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു എങ്കിലും ശ്രീകുട്ടനെ ഐ എസ് എൽ സ്ക്വാഡിൽ കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടുത്തിയിരുന്നില്ല. തുടർന്നാണ് താരം ലോണിൽ പോയത്‌. വരും സീസണിൽ ശ്രീകുട്ടൻ കേരള ബ്ലാസ്റ്റേഴ്സ് സീനിയർ സ്ക്വാഡിനൊപ്പം ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. മുമ്പ് എഫ് സി കേരളയുടെ താരമായിരുന്നു ശ്രീകുട്ടൻ. അര എഫ് സിക്കായും കെ എസ് ഇ ബിക്കായും താരം മുമ്പ് കളിച്ചിട്ടുണ്ട്. സെന്റ് തോമസ് തൃശ്ശൂരിലൂടെ വളർന്നു വന്ന താരമാണ്.