ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ ഫ്രഞ്ച് ക്ലബ് ഒളിമ്പിക് മാഴ്സെയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ടോട്ടൻഹാം ഹോട്സ്പർ. ഇരു ടീമുകളും ഏതാണ്ട് തുല്യത പാലിച്ച മത്സരത്തിൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ ചാൻസൽ ബെമ്പക്ക് ചുവപ്പ് കാർഡ് ലഭിച്ചത് ആണ് നിർണായകമായാത്. സോണിനെ ഫൗൾ ചെയ്തതിനു ആണ് മാഴ്സെ താരത്തിന് ചുവപ്പ് കാർഡ് ലഭിക്കാൻ കാരണം.
തുടർന്ന് വിജയഗോൾ നേടാനുള്ള ടോട്ടൻഹാം ശ്രമങ്ങൾ ആണ് കാണാൻ ആയത്. 76 മത്തെ മിനിറ്റിൽ ഇവാൻ പെരിസിച്ചിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ ബ്രസീലിയൻ താരം റിച്ചാർലിസൺ ടോട്ടൻഹാം മത്സരത്തിൽ മുന്നിലെത്തി. ഈ സീസണിൽ ടീമിൽ എത്തിയ താരം ക്ലബിന് ആയി നേടുന്ന ആദ്യ ഗോൾ ആയിരുന്നു ഇത്. തുടർന്ന് 5 മിനിറ്റിനുള്ളിൽ ഹോളബിയറിന്റെ ക്രോസിൽ നിന്നു മറ്റൊരു ഹെഡറിലൂടെ തന്റെ രണ്ടാം ഗോളും നേടിയ റിച്ചാർലിസൺ സ്പർസ് ജയം ഉറപ്പിക്കുക ആയിരുന്നു. ചാമ്പ്യൻസ് ലീഗ് മടങ്ങി വരവ് ജയത്തോടെ തുടങ്ങാൻ ആയത് ടോട്ടൻഹാം ഹോട്‌സ്പറിന് നേട്ടം തന്നെയാണ്.