സോണിന്റെ ബൂട്ടുകളിൽ നിന്ന് രക്ഷപ്പെടാൻ ഒരിക്കലും ബൊറൂസിയ ഡോർട്മുണ്ടിന് കഴിഞ്ഞേക്കില്ല. ഒരിക്കൽ കൂടി സോണിന്റെ ബൂട്ടുകളിടെ കരുത്ത് ഡോർട്മുണ്ട് അറിഞ്ഞ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന്റെ പരാജയവുമായി ഇംഗ്ലണ്ടിൽ നിന്ന് മടങ്ങുകയാണ് ഡോർട്മുണ്ട്. ജർമ്മൻ ലീഗിലെ ഒന്നാം സ്ഥാനക്കാരെ ടോട്ടൻഹാമാണ് ഇന്ന് വൻ നിരാശയോടെ പറഞ്ഞയച്ചത്.
ഇരു ടീമുകളും പരിക്ക് കാരണം പ്രധാന താരങ്ങൾ ഇല്ലാതെയാണ് ഇറങ്ങിയത് എങ്കിലും ടോട്ടൻഹാം ആണ് കളിയിൽ ആധിപത്യം കാണിച്ചത്. ആദ്യ പകുതിയിൽ ഇരു ടീമുകളും കരുതലോടെയാണ് കളിച്ചു തുടങ്ങിയത്. രണ്ടാം പകുതിയുടെ തുടക്കത്തിലാണ് സോണിലൂടെ ആദ്യ ഗോൾ വന്നത്. സോൺ ഡോർട്മുണ്ടിനെതിരെ നേടുന്ന ഒമ്പതാം ഗോളായിരുന്നു ഇത്.
ആദ്യ ഗോളിന് ശേഷം കളി കയ്യിലാക്കിയ സപ്ർസ് കളിയുടെ അവസാന നിമിഷങ്ങളിൽ രണ്ട് ഗോളുകൾ നേടി ക്വാർട്ടറിലേക്ക് അടുത്തു. 83ആം മിനുട്ടിൽ വെർടോങ്ങനും 87ആം മിനുട്ടിൽ യൊറന്റെയുമാണ് സ്പർസിന്റെ വിജയം ഇത്ര വലുതാക്കി മാറ്റിയത്. കെയ്ൻ, ഡെലി അലി എന്നിവർ ഇല്ലാതെയാണ് സ്പർസ് ഇത്ര വലിയ വിജയം സ്വന്തമാക്കിയത്.