നാഷൻസ് ലീഗ് സെമി ഫൈനൽ; സ്പാനിഷ് ടീം പ്രഖ്യാപിച്ചു

Nihal Basheer

നാഷൻസ് ലീഗ് സെമി ഫൈനലിൽ ഇറ്റലിയെ നേരിടാനുള്ള സ്പാനിഷ് ടീമിനെ കോച്ച് ഡെ ലാ ഫ്‌വെന്റെ പ്രഖ്യാപിച്ചു. യൂറോ ക്വാളിഫിക്കെഷന് വേണ്ടി തെരഞ്ഞെടുത്ത ടീമിൽ നിന്നും പല മാറ്റങ്ങളും വരുത്തിയാണ് ഇത്തവണ ടീം പ്രഖ്യാപിച്ചത്. കീപ്പർ സ്ഥാനത്തേക്ക് ഉനയ് സൈമൺ മടങ്ങിയെത്തുമ്പോൾ റോബർട്ടോ സാഞ്ചസ് ടീമിൽ ഇടം പിടിച്ചില്ല. ഫോമിലുള്ള വെറ്ററൻ താരം ജീസസ് നവാസ് ടീമിൽ എത്തിയത് അപ്രതീക്ഷിതമായി. സോസിഡാഡ് താരം റോബിൻ ലെ നോർമന്റിന് അർഹിച്ച വിളിയെത്തിയപ്പോൾ ബാഴ്‌സലോണ വിടുന്നതായി പ്രഖ്യാപിച്ച ജോർഡി ആൽബയും ഇടം പിടിച്ചു. പരിക്കേറ്റ് പുറത്തായ പെഡ്രിയാണ് ടീമിലെ നിർണായ അസാന്നിധ്യം. കർവഹാളും ലപോർടയും ഇടം പിടിച്ചെങ്കിലും ഇനിഗോ മർട്ടിനസ്, നാച്ചോ അടക്കമുള്ള സെന്റർ ബാക്കുകളുടെ അഭാവം ടീമിൽ ഉണ്ട്.
20230602 212623
മധ്യനിരയിൽ പതിവ് താരങ്ങൾ എല്ലാം എത്തിയപ്പോൾ സെബയ്യോസ് ടീമിൽ നിന്നും പുറത്തായി. റോഡ്രി, സുബിമെന്റി, ഫാബിയൻ റൂയിസ് തുടങ്ങിയവർ ടീമിൽ ഉണ്ട്. മുൻനിരയിൽ ഇയാഗോ ആസ്‌പാസ്, ഓയർസബാൽ എന്നീ സീനിയർ താരങ്ങൾക്ക് സ്ഥാനം നേടാനാവാതെ പോയപ്പോൾ യുവതാരമായ യെരെമി പിനോ തിരിച്ചെത്തി. ഡാനി ഓൾമോ, മൊറാട, അസെൻസിയോ തുടങ്ങിയ അനുഭവസമ്പന്നരുള്ള മുന്നേറ്റ നിരക്ക് കരുത്തു പകരാൻ നിക്കോ വില്യംസും ജോസെലുവും എത്തും. ഇന്ത്യൻ സമയം ജൂൺ 16നാണ് ഇറ്റലിയും സ്പെയിനും തമ്മിലുള്ള സെമി ഫൈനൽ പോരാട്ടം. ജയം നേടുന്ന ടീം ക്രോയേഷ്യ – നെതർലാണ്ട്സ് മത്സര വിജയികളെ 18ന് നടക്കുന്ന ഫൈനലിൽ നേരിടും.