ഇറ്റാലിയൻ ഇതിഹാസ താരം ബുഫണിന്റെ റെക്കോർഡിനൊപ്പമെത്തി സ്പാനിഷ് ക്യാപ്റ്റൻ സെർജിയോ റാമോസ്. യൂറോപ്പിൽ ഏറ്റവും അധികം തവണ ദേശീയ ടീമിനായി കളിച്ച റെക്കോർഡ് ബുഫണിന്റെ പേരിലായിരുന്നു. ഈ റെക്കോർഡിനൊപ്പമെത്തിയിരിക്കുകയാണ് റയൽ മാഡ്രിഡിന്റെയും സ്പെയിനിന്റെ ദേശീയ ടീമിന്റെയും ക്യാപ്റ്റനായ റാമോസ്. തന്റെ കരിയറിലെ 176ആം മത്സരത്തിനായാണ് നെതർലാന്റ്സിനെതിരെ ഇന്നലെ റാമോസ് ഇറങ്ങിയത്.
2018 മാർച്ചിലാണ് ബുഫൺ ഇറ്റലിക്ക് വേണ്ടി അവസാനമായി കളിച്ചത്. 34കാരനായ റാമോസിന് ഏറ്റവും കൂടുതൽ തവണ ദേശീയ ടീമിനായി കളിച്ച താരമെന്ന റെക്കോർഡ് വൈകാതെ സ്വന്തമാവും. 2005 മാർച്ചിൽ ചൈനക്കെതിരായ മത്സരത്തിലാണ് ആദ്യമായി റാമോസ് സ്പാനിഷ് ജേഴ്സിയിൽ കളത്തിലിറങ്ങിയത്. സ്പെയിനിനോടൊപ്പം ലോകകപ്പും രണ്ട് യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പുകളും റാമോസ് ഉയർത്തിയിട്ടുണ്ട്. കസിയസിന് ശേഷമാണ് സ്പെയിനിന്റെ സ്ഥിരം ക്യാപ്റ്റനായി റാമോസ് മാറിയത്.
ഇന്ന് നെതർലാന്റ്സിനെതിരെ സമനില നേടാനേ സ്പെയിന് സാധിച്ചുള്ളൂ. മത്സരം 1-1 ന്റെ സമനിലയിലാണ് അവസാനിച്ചത്. സെർജിയോ കനാലെസ് സ്പെയിനിനായി കന്നി ഗോൾ നേടിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡോണി വാൻ ഡി ബീക്കാണ് ഓറഞ്ച് പടയ്ക്ക് വേണ്ടി ഗോളടിച്ചത്.