ശ്രീലങ്കയ്ക്കെതിരെ ആദ്യ ടി20യില്‍ സൂപ്പര്‍ ഓവറില്‍ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. 135 റണ്‍സെന്ന ചെറു സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ നിന്ന് 134/8 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. അവസാന ഓവറില്‍ മൂന്ന് വിക്കറ്റ് കൈവശമുള്ളപ്പോള്‍ ജയിക്കുവാന്‍ 5 റണ്‍സായിരുന്നു ടീം നേടേണ്ടിയിരുന്നതെങ്കിലും ഇസ്രു ഉഡാന എറിഞ്ഞ ഓവറില്‍ ഒരു വിക്കറ്റ് നഷ്ടപ്പെട്ട ആതിഥേയര്‍ക്ക് 4 റണ്‍സ് നേടാനേ ആയുള്ള. അവസാന പന്തില്‍ ജയിക്കുവാന്‍ രണ്ട് റണ്‍സ് വേണ്ടപ്പോള്‍ റണ്ണൗട്ടിനെ അതിജീവിച്ചാണ് ദക്ഷിണാഫ്രിക്ക സ്കോര്‍ ഒപ്പത്തിനെത്തിച്ചത്.
സൂപ്പറോവറില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക മലിംഗ് എറിഞ്ഞ് ഓവറിന്റെ ആദ്യ രണ്ട് പന്തില്‍ നിന്ന് സിംഗിളുകള്‍ മാത്രമേ നേടിയുള്ളുവെങ്കിലും മൂന്നാം പന്തില്‍ സിക്സ് നേടാന്‍ മില്ലര്‍ക്കായി. അടുത്ത പന്തില്‍ മില്ലറെ ബീറ്റ് ചെയ്യാന്‍ മലിംഗയ്ക്കായെങ്കിലും അതിനടുത്ത പന്ത് ബൗണ്ടറിയും അവസാന പന്തില്‍ രണ്ട് റണ്‍സും നേടി ദക്ഷിണാഫ്രിക്ക 15 റണ്‍സ് വിജയലക്ഷ്യമായി ശ്രീലങ്കയ്ക്ക് നല്‍കി.
തിസാര പെരേരയും അവിഷ്ക ഫെര്‍ണാണ്ടോയും ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയപ്പോള്‍ ഇമ്രാന്‍ താഹിര്‍ ആണ് ബൗളിംഗ് ദൗത്യം ഏറ്റെടുത്തത്. രണ്ട് തവണ ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡര്‍മാര്‍ ക്യാച്ചുകള്‍ കൈവിട്ടുവെങ്കിലും അഞ്ച് റണ്‍സ് മാത്രമേ താഹിറിന്റെ ഓവറില്‍ ലങ്കന്‍ താരങ്ങള്‍ക്ക് നേടാനായുള്ളു.
നേരത്തെ ദക്ഷിണാഫ്രിക്കയ്ക്കായി 23 പന്തില്‍ നിന്ന് 41 റണ്‍സ് നേടി ഡേവിഡ് മില്ലറും 34 റണ്‍സ് നേടിയ റാസ്സി വാന്‍ ഡെര്‍ ഡൂസ്സെനുമാണ് ദക്ഷിണാഫ്രിക്കയെ 134 റണ്‍സിലേക്ക് എത്തിച്ചത്.