മഴയും മിന്നലും മൂലം 28 ഓവറില്‍ നിന്ന് 202 റണ്‍സ് എന്ന് പുനക്രമീകരിച്ച ലക്ഷ്യം ഹെയന്‍റിച്ച് ക്ലാസെന്റെയും ഡേവിഡ് മില്ലറുടെയും വെടിക്കെട്ടിലൂടെ നേടിയെടുത്ത് ദക്ഷിണാഫ്രിക്ക. ഒപ്പം അഞ്ച് പന്തില്‍ തീപാറുന്ന ബാറ്റിംഗുമായി ആന്‍ഡിലേ ഫെഹ്ലുക്വായോയും ചേര്‍ന്ന് പിങ്ക് കുപ്പായത്തിലെ ദക്ഷിണാഫ്രിക്കയുടെ അപരാജിത കൂട്ടുകെട്ട് തുടര്‍ന്നു. പരമ്പരയിലെ ആദ്യ ജയം ആണ് ഇന്ന് വാണ്ടറേര്‍സില്‍ ടീം നേടിയത്.
എയ്ഡന്‍ മാര്‍ക്രത്തിനെ(22) നഷ്ടമായ ഉടന്‍ കളി തടസ്സപ്പെടുമ്പോളുള്ള സ്കോറായ 7.2 ഓവറില്‍ 43/1 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് കുല്‍ദീപ് യാദവിന്റെ ഇരട്ട പ്രഹരം ആദ്യം തിരിച്ചടി നല്‍കി. ഡുമിനിയെയും(10), അംലയെയും(33) നഷ്ടമായ ദക്ഷിണാഫ്രിക്കയ്ക്ക് ടീമിലേക്ക് മടങ്ങിയെത്തിയ എബി ഡി വില്ലിയേഴ്സിനെയും(26) വേഗത്തില്‍ നഷ്ടമായി.
മത്സരം നിര്‍ണ്ണായകമായ ഘട്ടത്തിലെത്തിയപ്പോള്‍ നോ ബോളുകള്‍ എറിഞ്ഞ ചഹാലാണ് മത്സരത്തിലേക്ക് തിരികെ വരാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് അവസരം നല്‍കിയത്. ചഹാല്‍ തന്റെ പന്തില്‍ മില്ലറെ ക്ലീന്‍ ബൗള്‍ഡ് ആക്കിയെങ്കിലും നോബോള്‍ കാരണം പന്ത് അസാധുവാകുകയായിരുന്നു. പിന്നീട് ലൈനും ലെംഗ്ത്തും ബൗളര്‍ക്ക് നഷ്ടപ്പെടുന്നതും നോബോളുകളും വൈഡും എറിയുന്നതും കാണുകയുണ്ടായി. 102/4 എന്ന നിലയില്‍ അഞ്ചാം വിക്കറ്റില്‍ ഒത്തുകൂടിയ ഡേവിഡ് മില്ലര്‍-ഹെയന്‍റിച്ച് ക്ലാസെന്‍ കൂട്ടുകെട്ട് മത്സരം ഇന്ത്യയില്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നു. മില്ലറുടെ വ്യക്തിഗത സ്കോര്‍ 6ല്‍ നില്‍ക്കെ ക്യാച് നല്‍കിയത് ഇന്ത്യ വിട്ടു കളഞ്ഞതും ടീമിനു വിനയായി.
അവസാന ആറോവറില്‍ ലക്ഷ്യം 42 റണ്‍സാക്കി ചുരുക്കുവാന്‍ സാധിച്ച കൂട്ടുകെട്ടിനു അവസാനം കുറിച്ചതും ചഹാല്‍ തന്നെ. എന്നാല്‍ അപ്പോളേക്കും കൂട്ടുകെട്ട് 43 പന്തില്‍ നിന്ന് 72 റണ്‍സ് നേടിയിരുന്നു. 39 റണ്‍സ് നേടിയ ഡേവിഡ് മില്ലറിനെ ചഹാല്‍ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. മില്ലര്‍ പുറത്തായ ശേഷവും തന്റെ ഫോം തുടര്‍ന്ന ക്ലാസെനോടൊപ്പം ആന്‍ഡിലേ ഫെഹ്ലുക്വായോ കൂടി എത്തിയപ്പോള്‍ പിങ്ക് കുപ്പായത്തില്‍ വിജയമെന്ന ശീലം വീണ്ടും ദക്ഷിണാഫ്രിക്ക യാഥാര്‍ത്ഥ്യമാക്കി.
കുല്‍ദീപിനെയും ചഹാലിനെയും സിക്സുകള്‍ പായിച്ച് ആന്‍ഡിലേ ഫെഹ്ലുക്വായോയും ക്ലാസെനു കൂട്ടായെത്തിയപ്പോള്‍ 15 പന്തുകള്‍ ശേഷിക്കെ ആതിഥേയര്‍ 5 വിക്കറ്റ് വിജയം സ്വന്തമാക്കി. 5 പന്തില്‍ നിന്ന് മൂന്ന് സിക്സ് സഹിതം ആന്‍ഡിലേ ഫെഹ്ലുക്വായോ 23 റണ്‍സാണ് നേടിയത്. അപരാജിതമായ ആറാം വിക്കറ്റില്‍ 33 റണ്‍സാണ് 11 പന്തില്‍ നിന്ന് ആന്‍ഡിലേ-ക്ലാസെന്‍ കൂട്ടുകെട്ട് നേടിയത്. ക്ലാസെന്‍ 27 പന്തില്‍ 43 റണ്‍സ് നേടി പുറത്താകാതെ നിന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശിഖര്‍ ധവാന്‍(109), വിരാട് കോഹ്‍ലി(75), മഹേന്ദ്ര സിംഗ് ധോണി(42*) എന്നിവരുടെ ബാറ്റിംഗ് സംഭാവനകളാല്‍ 289/7 എന്ന സ്കോറിലെത്തുകയായിരുന്നു. മികച്ച തുടക്കം വിരാട്-ധവാന്‍ കൂട്ടുകെട്ട് നല്‍കിയെങ്കിലും അത് മുതലാക്കാനാകാതെ പോയത് ടീമിനു തിരിച്ചടിയായി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial