അവസാന ഓവറിൽ ജയിക്കുവാന്‍ 15 റൺസ് വേണ്ടിയിരുന്ന വിന്‍ഡീസിന് 13 റൺസ് മാത്രം നേടാനായപ്പോള്‍ 1 റൺസിന്റെ ആവേശകരമായ വിജയം നേടി ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 167/8 എന്ന സ്കോര്‍ നേടിയെങ്കിലും വിന്‍ഡീസിന് 7 വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് മാത്രമേ നേടാനായുള്ളു.
തുടക്കത്തിൽ ഓപ്പണര്‍മാര്‍ മികച്ച് നിന്നുവെങ്കിലും തുടരെ വിക്കറ്റുകളുമായി ദക്ഷിണാഫ്രിക്ക ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 6.5 ഓവറിൽ 55 റൺസ് നേടിയ ശേഷം ലെന്‍ഡൽ സിമ്മൺസും(22), എവിന്‍ ലൂയിസും(27) അടുത്തടുത്ത പന്തുകളിൽ പുറത്താകുന്നതാണ് കണ്ടത്.
ജേസൺ ഹോള്‍ഡര്‍(16) ബാറ്റിംഗ് ഓര്‍ഡറിൽ സ്ഥാനക്കയറ്റം ലഭിച്ചുവെങ്കിലും അധിക സമയം ക്രീസില്‍ ചെലവഴിക്കുവാന്‍ താരത്തിനായില്ല. ഷിമ്രൺ ഹെറ്റ്മ്യര്‍ 10 പന്തിൽ 17 റൺസ് നേടി പുറത്തായപ്പോള്‍ നിക്കോളസ് പൂരന്‍ 27 റൺസ് നേടിയെങ്കിലും അതിനായി താരം 28 പന്തുകളാണ് നേരിട്ടത്. അതിന് പുറമെ അവസാന ഓവറിന് തൊട്ടുമുമ്പ് പൂരന്‍ പുറത്തായതും വിന്‍ഡീസ് പ്രതീക്ഷകളെ തളര്‍ത്തി.
16 പന്തിൽ 25 റൺസ് നേടിയ ആന്‍ഡ്രേ റസ്സൽ ക്രീസില്‍ നിന്നപ്പോളാണ് വിന്‍ഡീസ് വിജയ പ്രതീക്ഷ കാത്തുസൂക്ഷിച്ചത്. റസ്സലിനെയും പൂരനെയും പുറത്താക്കി ആന്‍റിക് നോക്കിയ മികവ് പുലര്‍ത്തി. രണ്ടോവറിൽ 19 റൺസ് വേണ്ടപ്പോള്‍ വെറും 4 റൺസ് മാത്രം വിട്ട് നല്‍കിയാണ് നോര്‍ക്കിയ തന്റെ ഓവര്‍ പൂര്‍ത്തിയാക്കിയത്.
ഫാബിയന്‍ അല്ലെന്‍ അവസാന ഓവറിൽ ബൗണ്ടറി നേടി ലക്ഷ്യം 4 പന്തിൽ പത്താക്കി മാറ്റിയെങ്കിലും പിന്നീട് 3 പന്തിൽ 2 റൺസാണ് വിന്‍ഡീസ് നേടിയത്. അവസാന പന്തിൽ ജയിക്കുവാന്‍ എട്ട് റൺസുള്ളപ്പോള്‍ താരം സിക്സ് നേടിയെങ്കിലും ദക്ഷിണാഫ്രിക്ക ഒരു റൺസ് വിജയം കരസ്ഥമാക്കുകയായിരുന്നു.
ഫാബിയന്‍ അല്ലെന്‍ പുറത്താകാതെ 14 റൺസ് നേടി.