ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് മറ്റൊരു വലിയ വിജയം. ബംഗ്ലാദേശിനെതിരെ 149 റൺസിന്റെ വിജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 383 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 46.4 ഓവറിൽ 233 റൺസിന് ഓളൗട്ട് ആയി. ദക്ഷിണാഫ്രിക്ക നാലാം വിജയത്തോടെ 8 പോയിന്റുമായി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്ത് എത്തി.
ബംഗ്ലാദേശിനായി ഇന്ന് 111 പന്തിൽ നിന്ന് 111 റൺസ് എടുത്ത മഹ്മുദുള്ള മാത്രമാണ് ബംഗ്ലാദേശിനായി പൊരുതിയത്. ദക്ഷിണാഫ്രിക്കയ്ക്ക് ആയി കോട്സി മൂന്ന് വിക്കറ്റ് നേടി. റബാദ, യാൻസൺ, വില്യംസ് എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
ഇന്ന് ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് 50 ഓവറിൽ നിന്ന് 5 വിക്കറ്റ് നഷ്ടത്തിൽ 382 റൺസ് എടുക്കാൻ ആയി. ഡികോക്കിന്റെ മികച്ച സെഞ്ച്വറി ആണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത്. ഓപ്പണിംഗ് ആയി ഇറങ്ങിയ ഡി കോക്ക് 140 പന്തിൽ നിന്ന് 174 റൺസ് ആണ് എടുത്തത്. ഈ ലോകകപ്പിലെ അദ്ദേഹത്തിന്റെ മൂന്നാം സെഞ്ച്വറി ആണിത്. 7 സിക്സും 15 ഫോറും അദ്ദേഹത്തിന്റെ ഇന്നിങ്സിൽ ഉൾപ്പെടുന്നു.
69 പന്തിൽ നിന്ന് 60 റൺസ് എടുത്ത ക്യാപ്റ്റൻ മക്രവും മികച്ചു നിന്നു. 7 ബൗണ്ടറികൾ അടങ്ങുന്നത് ആയിരുന്നു മക്രമിന്റെ ഇന്നിങ്സ്. അവസാനം ക്ലാസനും ഡി കോക്കും ഒരുമിച്ചതോടെയാണ് ദക്ഷിണാഫ്രിക്ക കൂറ്റൻ സ്കോറിലേക്ക് ഉയർന്നത്. ഷാകിബിന്റെ ഒരു ഓവറിൽ ഡിക്കോക്ക് 22 റൺസ് അടിക്കുന്നത് കാണാൻ ആയി. ഇരട്ട സെഞ്ച്വറിയിൽ എത്താൻ കഴിയുമായിരുന്ന ഇന്നിങ്സ് ഒരു കൂറ്റൻ അടിക്ക് ശ്രമിക്കവെ പുറത്തായി.
ക്ലാസനും ആക്രമിച്ചാണ് കളിച്ചത്. 34 പന്തിലേക്ക് അദ്ദേഹം അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. 49 പന്തിൽ 90 റൺസാണ് ക്ലാസൻ ആകെ എടുത്തത്. 8 സിക്സും 2 ഫോറും ക്ലാസന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു. അവസാനം മില്ലറും അടിച്ചതോടെ സ്കോർ 382ൽ എത്തി. മില്ലർ 15 പന്തിൽ നിന്ന് 34 റൺസ് ആണ് അടിച്ചത്. അവസാന 10 ഓവറിൽ ദക്ഷിണാഫ്രിക്ക 144 റൺസ് ആണ് അടിച്ചത്.