2016 വെസ്റ്റിൻഡീസ് ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം മികച്ചൊരു വർഷം ആയിരുന്നു. ആ കൊല്ലം അവർ അണ്ടർ 19 വേൾഡ് കപ്പ്, ടി20 ലോകകപ്പ് എന്നിവ സ്വന്തമാക്കി. അന്താരാഷ്ട്ര ടീം തങ്ങളുടെ കഴിഞ്ഞകാലത്തിന്റെ നിഴലിൽ പോലും നില്ക്കാൻ യോഗ്യത ഇല്ലാതെ വലയുമ്പോൾ ആയിരുന്നു ഈ രണ്ട് ജയങ്ങളും എന്നത് വെസ്റ്റിൻഡീസ് ടീമിന് ഒരു പുത്തനുണർവ് തന്നെയാകുമെന്നാണ് പലരും കരുതിയത്.
രണ്ട് വർഷങ്ങൾ മുന്നോട്ട്. വെസ്റ്റിൻഡീസ് ക്രിക്കറ്റ് മുന്നേ ഉണ്ടായിരുന്നപോലെയോ അതിലും മോശമോ ആയ പ്രകടനങ്ങൾ ഇന്നും തുടരുന്നു. അന്ന് അണ്ടർ 19 ലോകകപ്പ് കളിച്ചതിൽ അൽസാരി ജോസഫ്, ഷിംറോൺ ഹെറ്റ്മയർ എന്നിവർ മാത്രം ഇന്റർനാഷണൽ ക്രിക്കറ്റിൽ അരങ്ങേറി. അന്ന് കപ്പ് നേടുമ്പോൾ ഉണ്ടായിരുന്ന പലരുടെയും ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ കരിയർ പച്ചതൊട്ടില്ല. ചിലരൊക്കെ അത് കളിച്ചിട്ട് കൂടെയില്ല.
അന്ന് U19 വേൾഡ് കപ്പ് നേടുമ്പോൾ ഉണ്ടായിരുന്ന കിർസ്റ്റൻ കല്ലിച്ചരൺ സാക്ഷി നിൽക്കുമ്പോൾ തന്നെ വെസ്റ്റിൻഡീസ് 2018 U19 വേൾഡ് കപ്പ് നിന്നും പുറത്ത് പോയിരിക്കുന്നു. ചാമ്പ്യൻമാരിൽ നിന്നും ഫസ്റ്റ് റൗണ്ടിലെ പുറത്താകൽ.
എൺപതുകളിലും തൊണ്ണൂറകളിലും കളിച്ചിരുന്ന ടീമിൽ നിന്നും ഏറെ മാറിയിരുന്നു 2000ന്റെ തുടക്കത്തിൽ കളിച്ച ടീം. പിന്നെയുണ്ടായിരുന്ന ലാറ, സർവാൻ, ചന്ദർപോൾ പോലുള്ളവർ ടീമിനെ വലിയ നാണക്കേട് ഒന്നുമില്ലാതെ കുറച്ച് നാൾ കൊണ്ടുനടന്നു. പിന്നെ പതിയെ എല്ലാം കീഴ്പോട്ട് പോകാൻ ആരംഭിച്ചു. ഗെയ്ൽ, ഡ്വെയ്ൻ ബ്രാവോ ഒക്കെ പ്രധാന താരങ്ങൾ ആയിരുന്നു ഒരു സമയത്ത്. എന്നാൽ ടി20യും, ലീഗുകളും ആരംഭിച്ചപ്പോൾ അവരൊക്കെ അതിലെ കേമന്മാർ ആയിമാറി. ആ സമയത്തെ വെസ്റ്റിൻഡീസ് ടീം കുറെ സൂപ്പർസ്റ്റാറുകൾ ഉള്ള ഒരു കൂട്ടം അണ്ടർ പെർഫോർമേഴ്സ് മാത്രമായി മാറി.
ഇന്നത്തെ ടീമിന്റെ അവസ്ഥ പരിതാപകരമാണ്. സ്ഥിരതയുള്ളവർ എന്ന് പറയാൻ വിരലിൽ എണ്ണാൻ പറ്റുന്നവർ പോലും ഇല്ല. ഒരു എവിൻ ലൂയിസും, ഡാരൻ ബ്രാവോയും മാത്രം വിചാരിച്ചിട്ട് എന്താവാൻ.
അണ്ടർ 19 വേൾഡ് കപ്പ് രണ്ട് കൊല്ലം മുന്നേ നൽകിയ ആ പ്രതീക്ഷയുടെ പുത്തൻ നാമ്പ് മുതലെടുക്കാൻ കഴിയുന്നതിന് മുമ്പേ തന്നെ ഇൗ വേൾഡ് കപ്പിൽ ഒന്നുമാകാതെ മടക്കം.
വെസ്റ്റിൻഡീസിന്റെ വഴി പിന്തുടരുന്ന ശ്രീലങ്കയുടെ അവസ്ഥയും വ്യത്യസ്തമല്ല. എന്ന് വരെ എന്നറിയാതെ പ്രവർത്തിക്കുന്ന രണ്ടു യന്ത്രങ്ങളെ പോലെ ഇൗ ടീമുകൾ തോൽവി വാരിക്കൂട്ടുന്നു. ഇനിയൊരു മടങ്ങിവരവ് അസാധ്യമല്ല. പക്ഷേ അത് എവിടെ നിന്നും വരും?
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial