രണ്ട് ഗോളും ചുവപ്പ് കാർഡും വാങ്ങി ഗ്രീസ്മൻ, രണ്ട് ഗോളും വിജയവും നേടി സലാ, മൂന്ന് പോയിന്റുമായി ലിവർപൂൾ മാഡ്രിഡ് വിട്ടു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അവസാനം സിമിയോണിയുടെ അത്ലറ്റിക്കോ മാഡ്രിഡിനെ ക്ലോപ്പിന്റെ ലിവർപൂൾ പരാജയപ്പെടുത്തി. ഇന്ന് ചാമ്പ്യൻസ് ലീഗിൽ നടന്ന ത്രില്ലറിൽ 3-2 എന്ന സ്കോറിനായിരുന്നു ലിവർപൂൾ വിജയം. ഇന്ന് മെട്രോപൊളിറ്റൻ സ്റ്റേഡിയത്തിൽ കാണാൻ കഴിഞ്ഞ അത്ലറ്റിക്കോ മാഡ്രിഡ് ലിവർപൂൾ യൂറോപ്യൻ ഫുട്ബോളിലെ എല്ലാ ആവേശവും നാടകീയതും നിറഞ്ഞതായിരുന്നു. ഇന്ന് തുടക്കത്തിൽ തന്നെ പേരുകേട്ട അത്ലറ്റിക്കോ മാഡ്രിഡിന്റെ പ്രതിരോധ കോട്ട ക്ലോപ്പിന്റെ ലിവർപൂൾ തകർത്തു. മത്സരത്തിന്റെ ആദ്യ 12 മിനുട്ടിൽ തന്നെ ലിവർപൂൾ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തി. 8ആം മിനുട്ടിൽ മൊ സലായുടെ ബ്രില്യൻസിൽ നിന്നായിരുന്നു ലിവർപൂളിന്റെ ആദ്യ ഗോൾ. ഇടത് വിങ്ങിൽ നിന്ന് കയറി വന്ന് അത്ലറ്റിക്കോ മാഡ്രിഡിന്റെ മൂന്ന് ഡിഫൻഡേഴ്സിനെ ഡ്രിബിൾ ചെയ്ത് മാറ്റി സലായി തൊടുത്ത ഷോട്ട് വലയിൽ എത്തുക ആയിരുന്നു.

ഇതിനു പിന്നാലെ ലോകോത്തര ഗോളുമായി നാബി കെറ്റ ലിവർപൂൾ ലീഡ് ഇരട്ടിയാക്കി. പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് ഒരു ഇടം കാലൻ വോളിയിലൂടെ ആയിരുന്നു നാബി കെറ്റയുടെ ഗോൾ. ലിവർപൂൾ വിജയ സ്വർഗ്ഗത്തിൽ എത്തി എന്ന് കുറച്ചു സമയം കരുതി എങ്കിലും സിമിയോണിയുടെ ടീം തിരിച്ചടിച്ചു. 20ആം മിനുട്ടിൽ ലെമാറിന്റെ കോർണർ ലൈൻ പിടിച്ചുള്ള ബോക്സിലേക്കുള്ള മനോഹര റൺ ലിവർപൂൾ ഡിഫൻസിനെ വിറപ്പിച്ചു. ആ നീക്കത്തിൽ പിറന്ന അവസരത്തിൽ നിന്ന് കൊകെയുടെ ഗോൾ മുഖത്തേക്കുള്ള ഷോട്ട്. അത് ഫ്ലിക്ക് ചെയ്ത് ഗ്രീസ്മൻ വലയിലേക്കും എത്തിച്ചു. സ്കോർ 1-2.

ഈ ഗോൾ അത്ലറ്റിക്കോ മാഡ്രിഡിന് വലിയ വിശ്വാസം നൽകി. 34ആം മിനുട്ടിൽ വീണ്ടും ഗ്രീസ്മന്റെ വക ഗോൾ. ഇത്തവണ ജാവോ ഫെലിക്സിന്റെ മാജിക്ക് കാലുകൾ ആണ് ഗ്രീസ്മന്റെ രണ്ടാം ഗോൾ ഒരുക്കി നൽകിയത്. സ്കോർ 2-2. ഇതിനു ശേഷവും മുമ്പുമായി നാലോളം മികച്ച അവസരങ്ങൾ അത്ലറ്റിക്കോ മാഡ്രിഡ് സൃഷ്ടിച്ചു എങ്കിലും എല്ലാം അലിസൺ തടഞ്ഞു.

കളി അത്ലറ്റിക്കോ മാഡ്രിഡിന് അനുകൂലമാവുകയാണ് എന്ന് തോന്നിയപ്പോൾ ആണ് 52ആം മിനുട്ടിൽ ഗ്രീസ്മന് ചുവപ്പ് കാർഡ് കിട്ടുന്നത്. ഫർമീനോയ്ക്ക് എതിരെ ഹൈഫീറ്റ് ഫൗളിനായിരുന്നു ഗ്രീസ്മന് ചുവപ്പ് കിട്ടിയത്. അത്ലറ്റിക്കോ മാഡ്രിഡ് 10 പേരായി ചുരുങ്ങിയ ശേഷം കളി ലിവർപൂളിന്റെ നിയന്ത്രണത്തിലായി‌‌‌.

76ആം മിനുട്ടിൽ ഒരു പെനാൾട്ടി ലിവർപൂളിന് ലീഡ് തിരികെ നൽകി. പെനാൾട്ടി എടുത്ത സലാക്ക് ഒട്ടും പിഴച്ചില്ല. ഈ ഗോൾ ലിവർപൂളിന്റെ വിജയം ഉറപ്പിക്കുകയും ചെയ്തു. മൂന്ന് മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി ലിവർപൂൾ ഗ്രൂപ്പ് ബിയിൽ ഒന്നാമത് നിൽക്കുകയാണ്. അത്ലറ്റിക്കോ മാഡ്രിഡിന് നാലു പോയിന്റാണ് ഉള്ളത്.