സിറാജിന്റെ ലങ്കാദഹനം, ശ്രീലങ്ക 50 റൺസിന് ഇന്ത്യൻ ബൗളിംഗിന് മുന്നിൽ പുറത്ത്

Newsroom

Picsart 23 09 17 16 52 12 990
Download the Fanport app now!
Appstore Badge
Google Play Badge 1

ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയുടെ തകർപ്പൻ ബൗളിംഗ്. ഇന്ന് ടോസ് കിട്ടിയ ശ്രീലങ്ക ആദ്യം ബാറ്റു ചെയ്യാൻ ആയിരുന്നു തിരഞ്ഞെടുത്തത്. എന്നാൽ കളി ആരംഭിയ്ക്കുന്നതിന് മഴ തടസ്സം സൃഷ്ടിക്കുകയായിരുന്നു. മഴ മാറി മത്സരം ആരംഭിച്ചപ്പോള്‍ സിറാജിന്റെ തീപ്പൊരി ബൗളിംഗിന് മുന്നിൽ ശ്രീലങ്കയ്ക്ക് മുട്ടിടിയ്ക്കുകയായിരുന്നു. 15.2 ഓവര്‍ മാത്രം ലങ്കയുടെ ഇന്നിംഗ്സ് നീണ്ട് നിന്നപ്പോള്‍ ശ്രീലങ്കയ്ക്ക് നേടാനായത് 50 റൺസാണ്.

ഇന്ത്യ 23 09 17 16 17 15 441

ആദ്യ 6 ഓവർ കഴിയുമ്പോൾ ശ്രീലങ്കയുടെ 5 വിക്കറ്റുകൾ വീണു. 13-6 എന്ന നിലയിലാണ് അവർ പരുങ്ങി. ഒരു ഓവറിൽ നാലു വിക്കറ്റ് എടുത്ത് സിറാജ് ആണ് ശ്രീലങ്കൻ ബാറ്റിംഗിന്റെ നടുവൊടിച്ചത്.

ബുമ്ര ആദ്യം കുശാൽ പെരേരയെ ഡക്കിൽ പുറത്താക്കി. അതിൽ തന്നെ ശ്രീലങ്ക വിറച്ചു. പിന്നെ സിറാജിന്റെ ഊഴമായിരുന്നു. സിറാജ് എറിഞ്ഞ നാലാം ഓവറിൽ വീണത് നാലു വിക്കറ്റ്. ആദ്യ പന്തിൽ വീണത് നിസ്സങ്ക, മൂന്നാം പന്തിൽ സമരവിക്രമ എൽ ബി ഡബ്ല്യു, നാലാം പന്തിൽ അസലങ്ക ഇഷാൻ കിഷന് ക്യാച്ച് നൽകി. ആറാം പന്തിൽ ധനഞ്ചയ ഡിസില്വയും വീണു. സ്വപ്ന തുടക്കം.

അടുത്ത സിറാജിന്റെ ഓവറിൽ ഷനകയുടെ കുറ്റിയും തെറിച്ചു. 3 ഓവറിൽ 5 റൺസ് മാത്രം വഴങ്ങിയാണ് സിറാജ് 5 വിക്കറ്റ് വീഴ്ത്തിയത്. 16 പന്ത് എറിയുമ്പോൾ തന്നെ 5 വിക്കറ്റ് നേടിയ സിറാജ് ഏറ്റവും വേഗത്തിൽ 5 വിക്കറ്റ് വീഴ്ത്തുന്ന താരമായി മാറി.

Picsart 23 09 17 16 17 03 584

ഇന്ത്യ സിറാജിന് ബൗൾ കൊടുക്കുന്നത് തുടർന്നു. സിറാജ് തന്റെ ആറാം ഓവറിൽ കുശാൽ മെൻഡിസിന്റെയും വിക്കറ്റ് തെറിപ്പിച്ചു. സ്കോർ 33-7. സിറാജിനു മാത്രം 6 വിക്കറ്റ്. ഹാര്‍ദ്ദിക് പാണ്ഡ്യയും വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചപ്പോള്‍ ശ്രീലങ്ക 40/8 എന്ന നിലയിലായി. ദുഷന്‍ ഹേമന്ത 13 റൺസ് നേടിയപ്പോള്‍ ലങ്കയുടെ സ്കോര്‍ 50 റൺസിൽ എത്തിയ്ക്കുകയായിരുന്നു.

അവശേഷിക്കുന്ന രണ്ട് വിക്കറ്റും വീഴ്ത്തി ഹാര്‍ദ്ദിക് പാണ്ഡ്യ ശ്രീലങ്കയുടെ ഇന്നിംഗ്സിന് അവസാനം കുറിയ്ക്കുകയായിരുന്നു. 15.2 ഓവറിലാണ് ശ്രീലങ്ക 50 റൺസിന് പുറത്തായത്. സിറാജിന്റെ ആറ് വിക്കറ്റ് നേട്ടത്തിനൊപ്പം ഹാര്‍ദ്ദിക് പാണ്ഡ്യ 3 വിക്കറ്റ് നേടി. 17 റൺസ് നേടിയ കുശൽ മെന്‍ഡിസ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ഗുഷന്‍ ഹേമന്ത പുറത്താകാതെ 13 റൺസ് നേടി ക്രീസിൽ നിന്നു.