ചൈനയുടെ ചെന്‍ യൂഫേയിയെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കി ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടി പിവി സിന്ധു. ലോക റാങ്കിംഗില്‍ മൂന്നാം നമ്പറുള്ള ചെ്ന്‍ സിന്ധുവിന് മുന്നില്‍ പിടിച്ച് നില്‍ക്കുവാന്‍ പാട് പെട്ടപ്പോള്‍ ഇന്ത്യന്‍ താരം 21-7, 21-14 എന്ന സ്കോറിന് വിജയം കരസ്ഥമാക്കി.
ആദ്യ ഗെയിമിന്റെ തുടക്കം മുതല്‍ സിന്ധുവിന് തന്നെയായിരുന്നു ആധിപത്യം. ആദ്യ ഗെയിമിന്റെ ഇടവേള സമയത്ത് സിന്ധു 11-3ന് മുന്നിലായിരുന്നു. പിന്നീട് തിരിച്ചുവരവ് നടത്തുവാന്‍ എതിരാളിയ്ക്ക് അവസരം നല്‍കാതെ 21-7 എന്ന സ്കോറിന് ആദ്യ ഗെയിം സിന്ധു അനായാസമായി സ്വന്തമാക്കി.
രണ്ടാം ഗെയിമില്‍ ഇരു താരങ്ങളും ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് പുറത്തെടുത്തത്. എന്നാല്‍ മെല്ലെ ലീഡ് കൈവശപ്പെടുത്തിയ സിന്ധു ഇടവേള സമയത്ത് 11-7ന് മുന്നിട്ട് നിന്നു. ഇടവേളയ്ക്ക് ശേഷം ചെന്‍ തീര്‍ത്തും നിറം മങ്ങിയ പ്രകടനം പുറത്തെടുത്തപ്പോള് സിന്ധു ഗെയിമും മത്സരവും അധികം ബുദ്ധിമുട്ടാതെ സ്വന്തമാക്കി. എട്ട് മാച്ച് പോയിന്റുകളുമായി സിന്ധു മത്സരത്തില്‍ പിടിമുറുക്കിയപ്പോള്‍ അതില്‍ രണ്ടെണ്ണം രക്ഷിയ്ക്കുവാന്‍ ചൈനീസ് താരത്തിന് സാധിച്ചിരുന്നു.