ഒരു ഗോൾ കാണാൻ കൊതിച്ച് ഈ ഐ എസ് എല്ലിന്റെ തുടക്കത്തിൽ കേരളം കാത്തിരുന്നപ്പോൾ രക്ഷകനായി എത്തിയ മാർക്ക് സിഫ്നിയോസ്. അവസരങ്ങൾ ഒരുക്കാൻ ഒരു നല്ല മിഡ്ഫീൽഡർ പോലും പിറകിൽ ഇല്ലാഞ്ഞിട്ടും കിട്ടിയ അർധാവസരങ്ങൾ വെച്ച് ഗോൾവല ചലിപ്പിച്ച താരം. മറ്റുപല പേരുകേട്ട താരങ്ങളും കളിക്കുമെന്ന് ഉറപ്പില്ലാഞ്ഞിട്ട് വരെ ക്ലബിൽ തുടരുമ്പോഴാണ് സിഫ്നിയോസിനെ പോലൊരു താരത്തെ ക്ലബ് റിലീസ് ചെയ്തത്. അത് ആ താരം അർഹിക്കുന്നുണ്ടായിരുന്നോ?
കേരളത്തിനായി 12 മത്സരങ്ങൾ കളിച്ച ഈ യുവതാരം 4 ഗോളുകൾ നേടിയിട്ടുണ്ട്. കേരളത്തിന്റെ ഫോർവേഡ് ലൈനിൽ ഇറങ്ങിയ ബാക്കിയുള്ള എല്ലാ കളിക്കാരേക്കാളും ഗോളടി മികവ് കാണിച്ചത് സിഫ്നിയോസ് ആയിരുന്നു. ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഏറ്റവും പിറകിൽ ഉള്ള ഒരു ടീമാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ്. ആ ടീമിൽ നിന്ന് സബ്ബായി ഇറങ്ങിയും മറ്റും ഇത്രയും ഗോളുകൾ നേടിയത് തന്നെ വലിയ കാര്യമാണ്. എന്നിട്ടും താരത്തെ വിടാൻ ക്ലബ് തീരുമാനിച്ചത് വലിയ അതൃപ്തിയാണ് ആരാധകരിൽ ഉണ്ടാക്കിയിരിക്കുന്നത്.
0.4 കൺവേർഷൻ റൈറ്റാണ് സിഫ്നിയോസിന് കേരള ബ്ലാസ്റ്റേഴ്സ് മുഖത്തുള്ള റെക്കോർഡ്. ഇയാൻ ഹ്യൂമിനേക്കാൾ മെച്ചപ്പെട്ട കൺവേർഷൻ റേറ്റാണത്. ക്ലബ് വിടാൻ താരം താല്പര്യം കാണിച്ചാലും ഈ പ്രതിസന്ധിയിൽ കേരളം സിഫ്നിയോസിനെ വിടരുതായിരുന്നു. സിഫ്നിയോസ് മികച്ച താരമാണ് എന്നല്ല മറിച്ച് സിഫ്നിയോസ് ആയിരുന്നു റെനെ കൊണ്ടുവന്ന താരങ്ങളിൽ ഏറ്റവും മികച്ചത്. ഈ അവസരത്തിൽ ഒരു പുതിയ സ്ട്രൈക്കറെ കേരളം കണ്ടെത്തുകയും ആ താരം ബ്ലാസ്റ്റേഴ്സ് സ്ക്വാഡുമായി ഇണങ്ങുകയും ഒക്കെ ചെയ്യുമ്പോഴേക്ക് പ്ലേ ഓഫ് സാധ്യതകൾ എന്നേക്കുമായി അവസാനിച്ചേക്കാം. കാരണം ബ്ലാസ്റ്റേഴ്സിന് ഇനിയുള്ളത് എല്ലാം മരണപോരാട്ടങ്ങൾ ആണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial