അഡിലെയ്ഡിനു വിജയമൊരുക്കി കോളിന്‍ ഇന്‍ഗ്രാമും പീറ്റര്‍ സിഡിലും

Sports Correspondent

ബാറ്റിംഗില്‍ നായകന്‍ കോളിന്‍ ഇന്‍ഗ്രാമും ബൗളിംഗില്‍ പീറ്റര്‍ സിഡിലും തിളങ്ങിയ മത്സരത്തില്‍ വിജയം കുറിച്ച് അഡിലെയ്‍‍ഡ് സ്ട്രൈക്കേഴ്സ്. ആദ്യം ബാറ്റ് ചെയ്ത സ്ട്രൈക്കേഴ്സ് 175/4 എന്ന മികച്ച സ്കോറാണ് നേടിയത്. കോളിന്‍ ഇന്‍ഗ്രാം(75), അലക്സ് കാറെ(59) എന്നിവര്‍ ആണ് ബാറ്റിംഗില്‍ തിളങ്ങിയത്. ബൗളിംഗില്‍ ഡാനിയേല്‍ സാംസ് സിഡ്നി തണ്ടറിനു വേണ്ടി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജോനാഥന്‍ കുക്ക്, ഫവദ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി. ക്രിസ് ഗ്രീന്‍ കൃത്യതയോടെ പന്തെറിഞ്ഞ് തന്റെ നാലോവറില്‍ 18 റണ്‍സ് മാത്രം വിട്ട് നല്‍കിയുള്ളുവെങ്കിലും വിക്കറ്റ് നേടാനായില്ല.

മറുപടി ബാറ്റിംഗിനിറങ്ങിയ സിഡ്നി തണ്ടറിനു 6 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് മാത്രമേ നേടാനായുള്ളു. ഇതോടെ 20 റണ്‍സിന്റെ വിജയം സ്ട്രൈക്കേഴ്സ് സ്വന്തമാക്കി. 47 റണ്‍സ് നേടിയ കാലം ഫെര്‍ഗൂസണ്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. ഷെയിന്‍ വാട്സണ്‍(28), ജോസ് ബട്‍ലര്‍(23) എന്നിവര്‍ തുടങ്ങിയ ഉടനെ ഒടുങ്ങിയതും ടീമിനു തിരിച്ചടിയായി.

പീറ്റര്‍ സിഡില്‍ മൂന്ന് വിക്കറ്റും റഷീദ് ഖാന്‍ രണ്ട് വിക്കറ്റും നേടിയാണ് തണ്ടറിനു തടയിട്ടത്.