ഭുവനേശ്വര്‍ കുമാറിന്റെ പരിക്ക് കാരണം ടീമിലേക്ക് എത്തിയ മുഹമ്മദ് ഷമിയുടെ മാസ്മരിക സ്പെല്ലാണ് ഇന്ത്യയ്ക്ക് ഇന്ന് അഫ്ഗാനിസ്ഥാനെതിരെ വിജയം നല്‍കിയത്. ചരിത്രം കുറിയ്ക്കാന്‍ തുനിഞ്ഞിറങ്ങിയ മുഹമ്മദ് നബിയുടെ കൈകളില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചെടുത്തത് ഷമിയാണ്. പിന്നീടുള്ള അഫ്ഗാന്‍ വാലറ്റത്തെ തുടച്ച് നീക്കി തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കി ഷമി ടോപ് ഓര്‍ഡറില്‍ ഹസ്രത്തുള്ള സാസായിയെും പുറത്താക്കിയിരുന്നു.
9.5 ഓവറില്‍ 40 റണ്‍സിനാണ് 4 വിക്കറ്റ് ഷമി നേടിയത്. ഇതില്‍ ഏറ്റവും നിര്‍ണ്ണായകമായത് 55 പന്തില്‍ 52 റണ്‍സ് നേടിയ മുഹമ്മദ് നബിയുടെ വിക്കറ്റ്. അവസാന ഓവറിലെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി പറത്തി മുഹമ്മദ് നബി അര്‍ദ്ധ ശതകം നേടിയപ്പോള്‍ ലക്ഷ്യം അഞ്ച് പന്തില്‍ 12 റണ്‍സായിരുന്നു. രണ്ടാം പന്തില്‍ സിംഗിള്‍ വേണ്ടെന്ന് നബി തീരുമാനിച്ചപ്പോള്‍ താരം തീരുമാനിച്ചുറച്ച് തന്നെയാണ് എത്തിയതെന്ന് ഉറപ്പായിരുന്നു.
അഫ്ഗാനിസ്ഥാന്റെ ജയം രണ്ട് സിക്സുകള്‍ അകലെ എന്നാല്‍ അടുത്ത പന്തില്‍ ലോംഗ് ഓണില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പിടിച്ച് പുറത്താക്കിയപ്പോള്‍ ഇന്ത്യന്‍ ആരാധകരുടെ നിലച്ച ശ്വാസം മുഹമ്മദ് ഷമി തിരിച്ച് നല്‍കുകയായിരുന്നു. അതിനു ശേഷം തന്റെ ഹാട്രിക്ക് നേടിയ ഷമിയ്ക്ക് ഇനി ടീം മാനേജ്മെന്റിനോടും ആരാധകരോടും പറയാം – ഷമി ഹീറോയാടാ ഹീറോ എന്ന്.