സൗത്താംപ്ടണിലെ ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ ഇന്ത്യ നല്‍കിയ 225 റണ്‍സ് വിജയ ലക്ഷ്യം മറികടക്കാനാകാതെ അഫ്ഗാനിസ്ഥാന്‍. മുഹമ്മദ് നബിയുടെ മുഹമ്മദ് നബിയുടെ വീരോചിതമായ ചെറുത്ത് നില്പ് മൂന്ന് പന്ത് അവശേഷിക്കെ അവസാനിച്ചപ്പോള്‍ 11 റണ്‍സിന്റെ തോല്‍വിയിലേക്ക് അഫ്ഗാനിസ്ഥാന്‍ വീഴുകയായിരുന്നു. നബി പുറത്തായ ശേഷം അടുത്ത രണ്ട് പന്തുകളില്‍ ശേഷിക്കുന്ന അഫ്ഗാന്‍ താരങ്ങളെയും പുറത്താക്കി മുഹമ്മദ് ഷമി തന്റെ ഹാട്രിക്കും ഇന്ത്യയ്ക്ക് തങ്ങളുടെ വിജയവും നേടിക്കൊടുക്കുകയായിരുന്നു.
വലിയ സ്കോര്‍ നേടാനാകാതെ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ പോലെ അഫ്ഗാന്‍ താരങ്ങളും മടങ്ങിയപ്പോള്‍ നിശ്ചിത 49.5 ഓവറില്‍ 213 റണ്‍സ് മാത്രമേ അഫ്ഗാനിസ്ഥാനും നേടാനായുള്ളു. പല കൂട്ടുകെട്ടുകളും അഫ്ഗാന്‍ ക്യാമ്പില്‍ പ്രതീക്ഷ നല്‍കിയെങ്കിലും അത് അധികം നീട്ടാതെ ഇന്ത്യന്‍ ബൗളര്‍മാര്‍ തകര്‍ത്ത് കൊണ്ടേ ഇരിക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ രണ്ട് അര്‍ദ്ധ ശതകങ്ങള്‍ പിറന്നപ്പോള്‍ അഫ്ഗാനിസ്ഥാന് വേണ്ടി മുഹമ്മദ് നബി ടോപ് സ്കോറര്‍ ആയി നിന്നു. 52 റണ്‍സാണ് താരം നേടിയത്.
ഒരു ഘട്ടത്തില്‍ 106/2 എന്ന നിലയില്‍ ശക്തമായ അടിത്തറ അഫ്ഗാനിസ്ഥാന്‍ നേടുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് മത്സരത്തിന്റെ 29ാം ഓവറില്‍ ജസ്പ്രീത് ബുംറ അഫ്ഗാനിസ്ഥാന് ഇരട്ട പ്രഹരം നല്‍കുന്നത്. 36 റണ്‍സ് നേടിയ റഹ്മത് ഷായെ യൂസുവേന്ദ്ര ചഹാല്‍ പിടിച്ച് പുറത്താക്കിയപ്പോള്‍ രണ്ട് പന്തുകള്‍ക്ക് ശേഷം 21 റണ്‍സ് നേടിയ ഹസ്മത്തുള്ള ഷഹീദിയെ സ്വന്തം ബൗളിംഗില്‍ പിടിച്ച് ബുംറ പുറത്താക്കി.
പിന്നീട് മുഹമ്മദ് നബി മറ്റു താരങ്ങള്‍ക്കൊപ്പം നിന്ന് ചെറിയ കൂട്ടുകെട്ടുകള്‍ നേടിയെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ സമ്മര്‍ദ്ദം സൃഷ്ടിച്ചു കൊണ്ടിരുന്നു. അവസാന നാലോവറിലേക്ക് മത്സരം കടന്നപ്പോള്‍ 32 റണ്‍സായിരുന്നു അഫ്ഗാനിസ്ഥാന് വിജയിക്കുവാന്‍ നേടേണ്ടിയിരുന്നത്. ഇതിനിടെ മുഹമ്മദ് നബിയെ ഷമി വിക്കറ്റിനു മുന്നില്‍ കുടുക്കി അമ്പയറുടെ അനുകൂല വിധി ഇന്ത്യ സമ്പാദിച്ചുവെങ്കിലും തീരുമാനം റിവ്യൂ ചെയ്ത് നബി രക്ഷപ്പെടുകയായിരുന്നു. ഇക്രം അലി ഖില്ലിനെ കൂട്ടുപിടിച്ച് ലക്ഷ്യം അവസാന രണ്ട് ഓവറില്‍ 21 ആക്കി നബി മാറ്റിയിരുന്നു.
ഓവറില്‍ നിന്ന് വലിയ ഷോട്ടുകള്‍ ഒന്നും പിറക്കാതിരുന്നപ്പോള്‍ ബുംറ വെറും 5 റണ്‍സ് മാത്രം വിട്ട് നല്‍കി അവസാന ഓവറിലെ ലക്ഷ്യം 16 റണ്‍സാക്കി മാറ്റി. അവസാന പന്തില്‍ സിംഗിള്‍ നേടിയതിനാല്‍ സ്ട്രൈക്ക് മുഹമ്മദ് നബിയ്ക്ക് തന്നെയായിരുന്നു. മുഹമ്മദ് ഷമിയെറിഞ്ഞ ഓവറിലെ ആദ്യ പന്ത് ലോംഗ്-ഓണ്‍ ബൗണ്ടറിയിലേക്ക് പായിച്ച് നബി തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി.
എന്നാല്‍ അതേ ഓവറിലെ മൂന്നാം പന്തില്‍ നബിയെയും അടുത്ത പന്തുകളില്‍ അഫ്താഭ് അലം മുജീബ് ഉര്‍ റഹ്മാന്‍ എന്നിവരെ പുറത്താക്കി മുഹമ്മദ് ഷമി ലോകകപ്പിലെ ഹാട്രിക്ക് നേട്ടം സ്വന്തമാക്കി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. വിക്കറ്റുകള്‍ രണ്ടെണ്ണം മാത്രമേ വീഴ്ത്തിയുള്ളുവെങ്കിലും ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ സ്പെല്ലും എടുത്ത് പറയേണ്ട ഒന്നാണ്. 2 വിക്കറ്റുകള്‍ വീഴ്ത്തിയ താരം 39 റണ്‍സ് മാത്രമാണ് വിട്ട് നല്‍കിയത്. ഇതില്‍ അഞ്ച് റണ്‍സ് മാത്രം വിട്ട് നല്‍കിയ നിര്‍ണ്ണായകമായ 49ാം ഓവറുമുണ്ട്. ഹാര്‍ദ്ദിക് പാണ്ഡ്യ, യൂസുവേന്ദ്ര ചഹാല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. ചഹാല്‍ 36 റണ്‍സ് മാത്രമാണ് പത്തോവറില്‍ നിന്ന് നല്‍കിയത്. വിക്കറ്റ് ലഭിച്ചില്ലെങ്കിലും കുല്‍ദീപ് യാദവ് 39 റണ്‍സ് മാത്രമാണ് വഴങ്ങിയത്.