സെറീനയ്ക്ക് ജപ്പാൻ വെല്ലുവിളി

suhas

Download the Fanport app now!
Appstore Badge
Google Play Badge 1

യുഎസ് ഓപ്പൺ ടെന്നീസിൽ വനിതാ വിഭാഗം ഫൈനൽ ലൈനപ്പായി. അമേരിക്കയുടെ ഇതിഹാസ താരം സെറീന വില്ല്യംസ് ഇരുപതുകാരിയായ ജപ്പാന്റെ നവോമി ഒസാക്കയെ നേരിടും. നിലവിലെ ഫൈനലിസ്റ്റ് കൂടിയായ പതിനാലാം സീഡ് മാഡിസൺ കീസിനെ നേരിട്ടുള്ള സെറ്റുകളിൽ അട്ടിമറിച്ചാണ് ജപ്പാന്റെ യുവതാരം ഫൈനലിലേക്ക് മുന്നേറിയത് (സ്‌കോർ :6-2,6-4). ആദ്യമായാണ് ടെന്നീസിന്റെ നവീന കാലഘട്ടത്തിൽ ഒരു ജപ്പാൻ വനിതാ താരം ഗ്രാൻഡ്സ്ലാം ഫൈനലിൽ എത്തുന്നത്. പുരുഷ വിഭാഗത്തിൽ ആ റെക്കോർഡ് നിഷിക്കോരി നേരത്തെ സ്വന്തമാക്കിയിട്ടുണ്ട്. 13 ബ്രേക്ക് പോയിന്റുകൾ അതിജീവിച്ച നവോമി ഒസാക്ക അതെങ്ങനെ സേവ് ചെയ്‌തെന്ന ചോദ്യത്തിന് ‘സെറീനയുമായി കളിക്കാൻ എന്നാണ് മറുപടി നൽകിയത്’. എന്തായാലും ഏഷ്യൻ മണ്ണ് ടെന്നീസിന് വളക്കൂറുള്ള മണ്ണായി മാറ്റുന്നതിൽ ഒസാക്കയെ പോലുള്ളവരുടെ കഥകൾ ആവശ്യമാണ്.

പത്തൊമ്പതാം സീഡ് സെവസ്റ്റോവയെ തരിപ്പണമാക്കിയ പ്രകടനത്തോടെയാണ് സെറീന ഫൈനലിൽ കടന്നത്. ആദ്യ സെറ്റ് 6-3 ന് നേടിയ സെറീന രണ്ടാം സെറ്റിൽ എതിരാളിക്ക് ഒരു ഗെയിം പോലും വഴങ്ങിയില്ല. അമ്മയായ ശേഷവും കഴിവിൽ ഒരു കുറവും വന്നിട്ടില്ലെന്ന് വിളിച്ച് പറയുന്നതായിരുന്നു സെറീനയുടെ പ്രകടനം.

പുരുഷന്മാരുടെ ഡബിൾസ് വിഭാഗത്തിൽ അമേരിക്കയുടെ മൈക് ബ്രയാൻ- ജാക്ക് സോക്ക് സഖ്യം ഫൈനലിൽ പ്രവേശിച്ചു. വിശ്രമത്തിലുള്ള ഇരട്ട സഹോദരൻ ബോബ് ബ്രയാൻ ഇല്ലാതെ ജാക്ക് സോക്കുമായി ഒത്തുചേർന്ന് തുടർച്ചയായി രണ്ടാം ഗ്രാൻഡ്സ്ലാമിന്റെ ഫൈനലിലാണ് ഈ ജോഡി എത്തിയത്. നേരത്തേ വിംബിൾഡൺ കിരീടം ഇവർ സ്വന്തമാക്കിയിരുന്നു. കുബോട്ട്-മെലോ സഖ്യത്തെയാണ് അമേരിക്കൻ ജോഡി ഫൈനലിൽ നേരിടുക.

വനിതാ ഡബിൾസ് വിഭാഗത്തിൽ അമേരിക്കയുടെ കോക്കോ വാൻഡവാഗേ അടങ്ങിയ കോക്കോ-ബാർട്ടി സഖ്യം ഫൈനലിൽ പ്രവേശിച്ചു. പതിമൂന്നാം സീഡുകളായ ഇവർ രണ്ടാം സീഡുകളായ ബാബോസ്-മ്ലെഡെനോവിച്ച് സഖ്യതത്തെയാണ് ഫൈനലിൽ എതിരിടുക. മിക്സഡ് ഡിസ്‌ബിൾസിൽ ജെയ്മി മറെ-മാറ്റക് സാന്റ്സ് സഖ്യവും ഫൈനലിൽ കടന്നിട്ടുണ്ട്. ഇതോടെ പുരുഷ സിംഗിൾസിൽ ഒഴികെ എല്ലാ വിഭാഗത്തിലും അമേരിക്കൻ സാന്നിധ്യമായി എന്നതാണ് ഈ യുഎസ് ഓപ്പണിന്റെ സവിശേഷത.