ബാഴ്സലോണയുടെ കോപ ഡെൽ റേ കിരീട പ്രതീക്ഷയ്ക്കു തിരിച്ചടി ലഭിച്ചിരിക്കുകയാണ്. ഇന്നലെ നടന്ന ആദ്യ പാദ സെമിയിൽ സെവിയ്യയിൽ നിന്ന് വലിയ പരാജയം തന്നെ കോമാന്റെ ടീം ഏറ്റുവാങ്ങി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബാഴ്സലോണയുടെ പരാജയം. മുൻ ബാഴ്സലോണ താരം റാകിറ്റിച് ബാഴ്സക്ക് എതിരെ ഗോൾ നേടുന്നതും ഇന്നലെ കാണാൻ ആയി.
മത്സരം ബാഴ്സലോണ മികച്ച രീതിയിൽ തുടങ്ങി എങ്കിലും ഡിഫൻസിൽ അറോഹോ ഇല്ലാത്തതിന്റെ പ്രശ്നങ്ങൾ അവർ നേരിടേണ്ടി വന്നു. 25ആം മിനുട്ടിൽ കൗണ്ടെ നേടിയ സോളോ ഗോൾ ബാഴ്സലോണ ഡിഫൻസ് എത്ര ദയനീയമാണ് എന്ന് വ്യക്തമാക്കുന്നതായിരുന്നു. ഈ ഗോൾ വീണതിനു ശേഷം ബാഴ്സലോണ അറ്റാക്ക് ശക്തമാക്കി എങ്കിലും ഒരു നല്ല അവസരം സൃഷ്ടിക്കാൻ അവർ കഷ്ടപ്പെട്ടു.
ബാഴ്സലോണയുടെ ആക്രമണങ്ങൾക്ക് ഇടയിൽ കൗണ്ടറുകളുമായി സെവിയ്യ ടെർ സ്റ്റേഗനെ പരീക്ഷിച്ചു കൊണ്ടുമിരുന്നു. 85ആം മിനുട്ടിൽ ആണ് മനോഹരമായ സ്ട്രൈക്കിലൂടെ റാക്കിറ്റിച് ഗോൾ നേടിയത്. തന്റെ മുൻ ക്ലബിനോടുള്ള ആദരവായി ഗോൾ ആഹ്ലാദിക്കാതിരിക്കാൻ റാക്കിറ്റിച് ശ്രദ്ധിച്ചു. മാർച്ച് 3ന് ആണ് കോപ ഡെൽ റേ സെമിയിലെ രണ്ടാം പാദം നടക്കുക.