അങ്ങനെ രണ്ടര മാസത്തെ ഇടവേളയ്ക്ക് അവസാനം. ക്ലബ് ഫുട്ബോൾ ലോകത്തെ വമ്പൻ ടീമുകൾ ഇന്ന് മുതൽ കളത്തിൽ ഇറങ്ങി തുടങ്ങും. ഫ്രാൻസിൽ നടക്കുന്ന ഫ്രഞ്ച് സൂപ്പർ കപ്പിലൂടെയാണ് സീസണിലെ വൻ പോരാട്ടങ്ങൾക്ക് തുടക്കമാകുന്നത്. ലീഗ് ചാമ്പ്യന്മാരായ പി എസ് ജിയും കഴിഞ്ഞ തവണ രണ്ടാം സ്ഥാനക്കാരായ മൊണാക്കോയും തമ്മിലാണ് സൂപ്പർ കപ്പ് പോരാട്ടം. ഇന്ന് വൈകിട്ട് 5.30നാണ് മത്സരം നടക്കുക. എമ്പപ്പെയും കവാനിയും പോലുള്ള പ്രമുഖർ ഇല്ലാതെയാകും പി എസ് ജി ഇറങ്ങുക. നെയ്മർ ടീമിനൊപ്പം ഉണ്ടെങ്കിലും ഇന്ന് ഇറങ്ങുമോ എന്ന് ഉറപ്പില്ല.
ഫ്രാൻസിൽ ഇന്ന് ആണെങ്കിൽ ഇംഗ്ലണ്ടിൽ നാളെയാണ് സീസൺ ആരംഭിക്കുക. നാളെ കമ്മ്യൂണിറ്റി ഷീൽഡ് പോരാട്ടത്തിൽ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയും എഫ് എ കപ്പ് ചാമ്പ്യന്മാരായ ചെൽസിയും ഏറ്റുമുട്ടും. അടുത്ത ആഴ്ച ഇംഗ്ലീഷ് പ്രീമിയർ ലീഗും അരംഭിക്കും. ഓഗസ്റ്റ് 11നാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ആരംഭം.
ഫ്രാൻസിൽ ലീഗ് ഓഗസ്റ്റ് 10ന് ആരംഭിക്കും. ജർമ്മനിയിൽ ഫുട്ബോൾ സീസണ് ആരംഭം ഓഗസ്റ്റ് 12നാണ്. ഡി എഫ് എൽ സൂപ്പർ കപ്പിൽ ബയേൺ ഫ്രാങ്ക്ഫ്രുട് പോരാട്ടത്തോടെയാണ് ജർമ്മനിയിൽ സീസൺ ആരംഭിക്കുന്നത്. ഓഗസ്റ്റ് 12ന് തന്നെ സ്പെയിനിലും സീസൺ തുടങ്ങും. സ്പെയിനിൽ സൂപ്പർകോപയിൽ സെവിയ്യയും ബാഴ്സയുമാണ് 12ആം തീയതി നേർക്കുനേർ വരുന്നത്.
ഓഗസ്റ്റ് 15ന് യുവേഫ സൂപ്പർ കപ്പും നടക്കും. യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡും ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡും തമ്മിലാണ് സൂപ്പർ കപ്പ് പോരാട്ടം. ഓഗസ്റ്റ് 17നാണ് ലാലിഗ സീസൺ തുടങ്ങുന്നത്. ഓഗസ്റ്റ് 18ന് സീരി എയും, ഓഗസ്റ്റ് 24ന് ബുണ്ടസ് ലീഗയും ആരംഭിക്കും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial