സൗദി അറേബ്യയും ഫുട്ബോൾ പ്രേമികളും ഈ ദിവസം ഒരിക്കലും മറക്കില്ല. ലോകകപ്പ് എന്ന സ്വപ്നവുമായി വന്ന അർജന്റീനയെ സൗദി എന്ന ഫുട്ബോളിലെ കുഞ്ഞന്മാർ വിറപ്പിച്ച ദിവസമായി ഇന്ന് മാറി. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിൽ നിന്ന അർജന്റീനയെ രണ്ടാം പകുതിയിൽ തിരിച്ചടിച്ചു കൊണ്ട് അട്ടിമറിക്കാൻ സൗദി അറേബ്യക്ക് ഇന്ന് ആയി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സൗദി അറേബ്യ ഇന്ന് വിജയിച്ചത്. അർജന്റീനയുടെ 36 മത്സരങ്ങളുടെ അപരാജിത കുതിപ്പിനും ഇതോടെ അവസാനമായി.
ഇന്ന് മത്സരം ആരംഭിച്ച അധിക നിമിഷങ്ങൾ വേണ്ടി വന്നില്ല അർജന്റീനയുടെ അറ്റാക്കുകൾ തുടങ്ങാൻ. രണ്ടാം മിനുട്ടിൽ തന്നെ അൽ ഒവൈസിന് സേവ് ചെയ്യേണ്ടി വന്നു. 12 യാർഡ്സിന് അകത്തു നിന്ന് മെസ്സി തൊടുത്ത ഷോട്ട് ആണ് സൗദി ഗോൾ കീപ്പർ തടഞ്ഞത്. അധിക വൈകാതെ മെസ്സി തന്നെ അർജന്റീനയെ മുന്നിൽ എത്തിച്ചു. 11ആം മിനുട്ടിൽ വിധിക്കപ്പെട്ട ഒരു പെനാൾട്ടി ആണ് അർജന്റീനക്ക് വഴി തെളിച്ചത്. ഡി പോളിനെ പെനാൾട്ടി ബോക്സിൽ വീഴ്ത്തിയതിന് ആയിരുന്നു പെനാൾട്ടി വിധിക്കപ്പെട്ടത്.
പെനാൾട്ടി എടുത്ത ലയണൽ മെസ്സി പന്ത് അനായാസം ലക്ഷ്യത്തിൽ എത്തിച്ചു. മെസ്സി ഗോൾ നേടുന്ന നാലാം ലോകകപ്പ് ആയി ഖത്തർ ലോകകപ്പ് ഇതോടെ മാറി. 22ആം മിനുട്ടിൽ ലയണൽ മെസ്സി രണ്ടാം ഗോൾ നേടി എങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.
അധികം വൈകാതെ 28ആം മിനുട്ടിൽ ലൗട്ടാരോ മാർട്ടിനസും അർജന്റീനക്ക് ആയി ഗോൾ നേടി. ഇത്തവണയും ഓഫ്സൈഡ് ഫ്ലാഗ് അർജന്റീനക്ക് എതിരായി നിന്നു. ഇവിടെയും ഓഫ്സൈഡ് ഫ്ലാഗ് ഉയരുന്നത് നിന്നില്ല. 34ആം മിനുട്ടിൽ ലൗട്ടാരോ മാർട്ടിനസ് ഗോൾ നേടിയപ്പോഴും ഓഫ്സൈഡ് ഫ്ലാഗ് വന്നു.
ആദ്യ പകുതിയിൽ സൗദി അറേബ്യ ഇടക്ക് നല്ല മുന്നേറ്റങ്ങൾ നടത്തി എങ്കിലും ഒരു ക്ലിയർ ചാൻസ് സൃഷ്ടിക്കാൻ ആയില്ല. എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറി. പുതിയ ഊർജ്ജവും ആയാണ് സൗദി അറേബ്യ രണ്ടാം പകുതിയിൽ ഇറങ്ങിയത്.
48ആം മിനുട്ടിൽ അർജന്റീനയെ ഞെട്ടിച്ചു കൊണ്ട് സൗദിയുടെ സമനില ഗോൾ വന്നു. പെനാൾട്ടി ബോക്സിൽ പന്ത് സ്വീകരിച്ച് അൽ ഷെഹരിയുടെ ഇടം കാലൻ ഷോട്ട് തടയാൻ എമിലിയാനോ മാർട്ടിനസിന് ആയില്ല. പന്ത് ഗോൾ വലയുടെ റൈറ്റ് കോർണറിൽ പതിച്ചു. സ്കോർ 1-1. അർജന്റീന ഞെട്ടി.
ഈ ഞെട്ടലിൽ നിന്ന് കരകയറാൻ അർജന്റീനക്ക് സമയം കിട്ടിയില്ല. അതിനു മുമ്പ് സൗദി അറേബ്യ ലോക ഫുട്ബോളിനെ തന്നെ ഞെട്ടിച്ച് രണ്ടാം ഗോൾ നേടി. 53ആം മിനുട്ട് അൽ ദസാരിയുടെ സ്ട്രൈക്ക് മാർട്ടിനസിന് എന്നല്ല ആർക്കും തടയാൻ ആകുമായിരുന്നില്ല. സ്കോർ സൗദി അറേബ്യ 2-1 അർജന്റീന.
ഇതിനു ശേഷം അർജന്റീന മൂന്ന് മാറ്റങ്ങൾ വരുത്തി പൂർണ്ണമായും അറ്റാക്കിലേക്ക് തിരിഞ്ഞു. 63ആം മിനുട്ടിൽ ഒവൈസിന്റെ ഒരു പോയിന്റ് ബ്ലാങ്ക് സേവ് സൗദി അറേബ്യയെ ലീഡിൽ നിർത്താൻ സഹായിച്ചു.
അർജന്റീന ഡി മറിയയിലൂടെ ഒരു നല്ല ഷോട്ട് തൊടുത്തപ്പോഴും ഒവൈസ് മതിലായി നിന്നു. സൗദിയുടെ ഡിഫൻസീവ് ഷൈപ്പ് ഭേദിക്കാൻ അർജന്റീന പ്രയാസപ്പെട്ടു. മെസ്സിയെയും നിശ്ബ്ദനാക്കി നിർത്താൽ സൗദിക്ക് ഒരുവിധം ആയി. 80ആം മിനുട്ട മെസ്സിക്ക് ലഭിച്ച ഫ്രീകിക്കും എവിടെയും എത്തിയില്ല.
83ആം മിനുട്ടിൽ ഡി മറിയയുടെ ക്രോസിൽ നിന്നുള്ള മെസ്സിയുടെ ഹെഡർ അനായാസം സൗദി ഗോൾ കീപ്പർ കൈക്കലാക്കി. ഇഞ്ച്വറി ടൈം 8 മിനുട്ട് കിട്ടിയത് അർജന്റീനക്ക് പ്രതീക്ഷ നൽകി. അൽവാരസിന്റെ ഷോട്ട് ഗോൾ ലൈനിൽ നിന്ന് അമിരി ക്ലിയർ ചെയ്യുന്നത് ഇഞ്ച്വറി ടൈമിൽ കാണാൻ ആയി. സൗദി താരങ്ങൾ ഒരു ഗോൾ കണക്കെ ആണ് ഈ ക്ലിയറൻസ് ആഘോഷിച്ചത്.
അവസാനം വരെ പൊരുതു നിന്ന് സൗദി അറേബ്യ അവർ അർഹിച്ച വിജയം സ്വന്തമാക്കുകയും ചെയ്തു. ഇനി സൗദിക്കും അർജന്റീനക്കും മുന്നിൽ പോളണ്ടും മെക്സിക്കോയും ആണ് ഗ്രൂപ്പിൽ മുന്നിൽ ഉള്ളത്.