സൗദി അറേബ്യൻ ഇൻ്റർനാഷണൽ താരം സൗദ് അബ്ദുൽ ഹമീദിനെ റോമ സ്വന്തമാക്കി. അൽ-ഹിലാലിൽ നിന്നാണ് താരത്തെ റോമ സ്വന്തമാക്കുന്നത്. 25-കാരനായ റൈറ്റ്-ബാക്ക് 2.5 മില്യൺ യൂറോയുടെ ട്രാൻസ്ഫർ ഫീസിനാണ് റോമയിലേക്ക് എത്തുന്നത്.
സീരി എയിൽ കളിക്കുന്ന ആദ്യത്തെ സൗദി താരമായി അബ്ദുൾഹമിദ് മാറും. ആദ്യ സീസണിൽ റോമയിൽ 12-ാം നമ്പർ ഷർട്ട് അദ്ദേഹം ധരിക്കും.
“ഒരു റോമ കളിക്കാരനെന്ന നിലയിൽ ഇവിടെ വന്നതിൽ ഞാൻ വളരെ സന്തോഷവാനും നന്ദിയുള്ളവനുമാണ്,” ക്ലബ്ബിൻ്റെ മീഡിയ ചാനലുകളുമായുള്ള തൻ്റെ ആദ്യ അഭിമുഖത്തിൽ അബ്ദുൾഹാമിദ് പറഞ്ഞു.
“എന്നിൽ വിശ്വാസമർപ്പിച്ച ക്ലബ്ബിനും ആരാധകർക്കും ഫ്രീഡ്കിൻ കുടുംബത്തിനും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ദൈവം സഹായിച്ചാൽ, എല്ലാവരുടെയും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ ആകും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” അദ്ദേഹം പറഞ്ഞു.
മുൻ അൽ-ഹിലാൽ ഡിഫൻഡർ സീനിയർ തലത്തിൽ തൻ്റെ രാജ്യത്തിനായി 26 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കൂടാതെ ഖത്തറിൽ നടന്ന 2022 ഫിഫ ലോകകപ്പിലും തൻ്റെ രാജ്യത്തെ പ്രതിനിധീകരിച്ചു.