വിജയ് ഹസാരെ ട്രോഫിയിൽ ജാർഖണ്ഡിനെതിരായ നിർണ്ണായക മത്സരത്തിൽ സഞ്ജു സാംസൺ കേരളത്തിന്റെ പ്ലെയിംഗ് ഇലവനിലേക്ക് തിരിച്ചെത്തി. അഹമ്മദാബാദിലെ എ.ഡി.എസ്.എ റെയിൽവേ ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ജാർഖണ്ഡ് നായകൻ ഇഷാൻ കിഷൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ബാറ്റിംഗ് തിരഞ്ഞെടുത്ത ജാർഖണ്ഡിനെ തുടക്കത്തിൽ തന്നെ വിറപ്പിക്കാൻ കേരളത്തിന്റെ ബൗളർമാർക്ക് കഴിഞ്ഞു. 17 ഓവർ പിന്നിടുമ്പോൾ ഝാർഖണ്ഡ് 3 വിക്കറ്റ് നഷ്ടത്തിൽ 76 റൺസ് എന്ന നിലയിൽ പ്രതിരോധത്തിലാണ്. ഓപ്പണർമാരായ ശിഖർ മോഹനെയും (13) ഉത്കർഷ് സിംഗിനെയും തുടക്കത്തിലേ പുറത്താക്കി ഏദൻ ആപ്പിൾ ടോമും നിധീഷും കേരളത്തിന് മുൻതൂക്കം നൽകി. 15 റൺസെടുത്ത വിരാട് സിംഗിനെ പുറത്താക്കി ബാബ അപരാജിത് കേരളത്തിന് മൂന്നാം വിക്കറ്റും സമ്മാനിച്ചു. നിലവിൽ 9 പന്തിൽ 9 റൺസുമായി ഇഷാൻ കിഷനും, 27 റൺസുമായി കുമാർ കുശാഗ്രയുമാണ് ക്രീസിൽ. ഫോമിലുള്ള ഇഷാനെ വേഗത്തിൽ പുറത്താക്കി ജാർഖണ്ഡിനെ ചെറിയ സ്കോറിൽ ഒതുക്കാനായിരിക്കും സഞ്ജുവിന്റെയും സംഘത്തിന്റെയും ശ്രമം.
ഇരു ടീമുകളുടെയും പ്ലെയിംഗ് ഇലവൻ:
- കേരളം: രോഹൻ കുന്നുമ്മൽ (C), സഞ്ജു സാംസൺ (WK), വിഷ്ണു വിനോദ്, ബാബ അപരാജിത്, മുഹമ്മദ് അസ്ഹറുദ്ദീൻ, മുഹമ്മദ് ഷറഫുദ്ദീൻ, സൽമാൻ നിസാർ, അങ്കിത് ശർമ്മ, എം.ഡി നിധീഷ്, ഏദൻ ആപ്പിൾ ടോം, വിഘ്നേഷ് പുത്തൂർ.
- ജാർഖണ്ഡ്: ശിഖർ മോഹൻ, ഉത്കർഷ് സിംഗ്, ഇഷാൻ കിഷൻ (W/C), വിരാട് സിംഗ്, കുമാർ കുശാഗ്ര, അനുകൂൽ റോയ്, രാജൻദീപ് സിംഗ്, എം.ഡി കൗനൈൻ ഖുറൈഷി, വികാസ് സിംഗ്, മനീഷി, ശുഭം സിംഗ്.









