222 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് പൊരുതി വീണു. അവസാന ഓവറില്‍ 13 റണ്‍സെന്ന ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ ഓവറിലെ ആദ്യ മൂന്ന് പന്തില്‍ വലിയ ഷോട്ടുകള്‍ നേടുവാനാകാതെ പോയി. നാലാം പന്തില്‍ സിക്സ് നേടിയ സഞ്ജു എന്നാല്‍ അഞ്ചാം പന്തില്‍ സിംഗിള്‍ എടുക്കാതെ ക്രിസ് മോറിസിനെ മടക്കിയയച്ചു. അവസാന പന്തില്‍ അഞ്ച് റണ്‍സ് ജയിക്കുവാന്‍ വേണ്ടപ്പോള്‍ സഞ്ജു ഉയര്‍ത്തിയടിച്ച പന്ത് സിക്സ് കടക്കുമെന്ന് ഏവരും കരുതിയെങ്കിലും ദീപക് ഹൂഡ താരത്തിനെ ബൗണ്ടറി ലൈനിന് ഏതാനും മീറ്റര്‍ അകലെ പിടിച്ച് പുറത്താക്കുകയായിരുന്നു. 63 പന്തില്‍ 119 റണ്‍സാണ് സഞ്ജു സാംസണ്‍ നേടിയത്. 12 ഫോറും 7 സിക്സുമാണ് സഞ്ജു നേടിയത്. രാജസ്ഥാന് 217 റണ്‍സ് മാത്രം നേടാനായപ്പോള്‍ പഞ്ചാബ് കിംഗ്സ് 4 റണ്‍സ് ജയം സ്വന്തമാക്കി.
ആദ്യ ഓവറില്‍ തന്നെ മുഹമ്മദ് ഷമി ബെന്‍ സ്റ്റോക്സിനെ പുറത്താക്കിയപ്പോള്‍ അര്‍ഷ്ദീപ് മികച്ചൊരു റിട്ടേണ്‍ ക്യാച്ചിലൂടെ അപകടകാരിയാകുമെന്ന് തോന്നിപ്പിച്ച മനന്‍ വോറയെ(12) പുറത്താക്കുകയായിരുന്നു. പിന്നീട് ജോസ് ബട്‍ലറും സഞ്ജു സാംസണും ചേര്‍ന്ന് രാജസ്ഥാനെ മുന്നോട്ട് നയിക്കുകയായിരുന്നു. 45 റണ്‍സ് അതിവേഗത്തില്‍ നേടിയ കൂട്ടുകെട്ടിന് എന്നാല്‍ അധികം ആയുസ്സുണ്ടായിരുന്നില്ല. 13 പന്തില്‍ 25 റണ്‍സ് നേടിയ ജോസ് ബട്‍ലറെ ജൈ റിച്ചാര്‍ഡ്സണ്‍ ആണ് പുറത്താക്കിയത്.
പിന്നീട് സഞ്ജുവിനൊപ്പം കൂട്ടായി എത്തിയ ശിവം ഡുബേയുമായി ചേര്‍ന്ന് രാജസ്ഥാന്‍ പത്തോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സാണ് നേടിയത്. 33 പന്തില്‍ ക്യാപ്റ്റനെന്ന നിലയില്‍ തന്റെ ആദ്യ അര്‍ദ്ധ ശതകം സഞ്ജു തികയ്ക്കുകയായിരുന്നു. ഇതിനിടെ റൈലി മെറിഡിത്ത് എറിഞ്ഞ ഓവറില്‍ അമ്പയര്‍ അനില്‍ ചൗധരി സഞ്ജുവിനെ എല്‍ബിഡബ്ല്യു വിധിച്ചുവെങ്കിലും താരം അത് റിവ്യൂ ചെയ്ത് തീരുമാനം തെറ്റാണെന്ന് തെളിയിക്കുകയായിരുന്നു.
31 പന്തില്‍ 53 റണ്‍സ് കൂട്ടുകെട്ട് ആണ് സഞ്ജുവും ശിവം ഡുബേയും ചേര്‍ന്ന് നേടിയത്. 15 പന്തില്‍ 23 റണ്‍സാണ് താരം നേടിയത്. 19 പന്തില്‍ 50 റണ്‍സ് നേടിയ സഞ്ജു – റിയാന്‍ പരാഗ് കൂട്ടുകെട്ട് ലക്ഷ്യം 24 പന്തില്‍ 48 ആക്കി ചുരുക്കുകയായിരുന്നു. മുഹമ്മദ് ഷമി എറിഞ്ഞ 17ാം ഓവറില്‍ 11 പന്തില്‍ 25 റണ്‍സ് നേടിയ റിയാന്‍ പരാഗിനെ രാജസ്ഥാന് നഷ്ടമായി. 22 പന്തില്‍ 52 റണ്‍സാണ് സഞ്ജു – പരാഗ് കൂട്ടുകെട്ട് അഞ്ചാം വിക്കറ്റില്‍ നേടിയത്.
മത്സരം അവസാന മൂന്നോവറിലേക്ക് കടന്നപ്പോള്‍ 40 റണ്‍സായിരുന്നു രാജസ്ഥാന്‍ നേടേണ്ടിയിരുന്നത്. ജൈ റിച്ചാര്‍ഡ്സണ്‍ എറിഞ്ഞ 18ാം ഓവറിലെ ആദ്യ മൂന്ന് പന്തുകളില്‍ നിന്ന് രണ്ട് ബൗണ്ടറിയും ഒരു സിക്സും നേടി സഞ്ജു 54 പന്തില്‍ നിന്ന് തന്റെ ശതകം തികയ്ക്കുകയായിരുന്നു. ആ ഓവറില്‍ നിന്ന് 19 റണ്‍സ് പിറന്നപ്പോള്‍ ലക്ഷ്യം 12 പന്തില്‍ 21 റണ്‍സായി.
റൈലി മെറിഡിത്ത് എറിഞ്ഞ 19ാം ഓവറിലെ ആദ്യ പന്തില്‍ തെവാത്തിയയുടെ വിക്കറ്റ് രാജസ്ഥാന് നഷ്ടമായി. ഓവറില്‍ നിന്ന് എട്ട് റണ്‍സ് മാത്രം പിറന്നപ്പോള്‍ അവസാന ഓവറിലെ ലക്ഷ്യം 13 ആയി. അര്‍ഷ്ദീപ് എറിഞ്ഞ അവസാന ഓവറില്‍ എട്ട് റണ്‍സ് മാത്രമേ രാജസ്ഥാന് നേടാനായുള്ളു. 4 ഓവറില്‍ 35 റണ്‍സ് വഴങ്ങി 3 വിക്കറ്റാണ് അര്‍ഷ്ദീപ് സിംഗ് നേടിയത്.